News - 2025

ഭ്രൂണഹത്യ അനുകൂല പരാമർശം ഒഴിവാക്കി ജി7 രാജ്യങ്ങള്‍

സ്വന്തം ലേഖകന്‍ 02-09-2019 - Monday

വാഷിംഗ്ടണ്‍ ഡി.സി: ഏറ്റവും വലിയ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയില്‍ നേതാക്കള്‍ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ നിന്ന് ഭ്രൂണഹത്യ അനുകൂല പരാമർശം ഒഴിവാക്കി. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിലപാടുകൾ പത്രക്കുറിപ്പിൽ ഉൾപ്പെടുത്തണമെന്ന ജി7 ഉപദേശക സമിതിയുടെ നിർദ്ദേശമാണ് രാഷ്ട്രത്തലവന്മാർ തള്ളിയത്. തങ്ങളുടെ നിർദേശത്തിൽ ഭ്രൂണഹത്യ മൗലിക അവകാശമാണെന്നും, ലിബറൽ ഭ്രൂണഹത്യ നയങ്ങൾ പിന്തുടരുന്ന കാനഡ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും ഉപദേശക സമിതി പ്രസ്താവിച്ചിരിന്നു. ഭ്രൂണഹത്യയെ ഒരു വൈദ്യശാസ്ത്ര രീതിയായി കാണണമെന്നും, നിയമ ബന്ധിതമായി കാണരുതെന്നുമുളള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദേശത്തോട് ഒത്തു പോകുന്നതാണ് തങ്ങളുടെ നിർദ്ദേശങ്ങളെന്നും അവർ അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലേ പുറത്തുവന്ന പ്രസ്താവനയിലാണ് ഭ്രൂണഹത്യ അനുകൂല പ്രസ്താവന ഒഴിവാക്കിയത്. കഴിഞ്ഞ വർഷം ജി7 അധ്യക്ഷ പദവി കാനഡ വഹിച്ചിരുന്ന സമയത്താണ് ഉപദേശക സമിതിക്ക് രൂപം നൽകുന്നത്. ഭ്രൂണഹത്യ അനുകൂല ഫെമിനിസ്റ്റ് സംഘടനകളടക്കമുള്ള വിവിധ ഗ്രൂപ്പുകള്‍ തങ്ങളുടെ ആവശ്യങ്ങൾ ഔദ്യോഗിക പത്രക്കുറിപ്പിൽ നിന്നും ഒഴിവാക്കിയതിൽ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജി7-ല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ സാന്നിധ്യമാണ് ഭ്രൂണഹത്യ പോലുള്ള വിഷയങ്ങളിൽ മൗനം പാലിക്കാൻ രാഷ്ട്ര തലവൻമാരെ പ്രേരിപ്പിച്ചതെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം. യുഎസിനു പുറമെ കാന‍ഡ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളാണു ജി 7 അംഗങ്ങൾ.


Related Articles »