News - 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും വിശ്വാസവും: ചര്‍ച്ചയുമായി യൂറോപ്യന്‍ കത്തോലിക്ക കോണ്‍ഫറന്‍സ്

സ്വന്തം ലേഖകന്‍ 02-09-2019 - Monday

സീബര്‍ഗ്: പത്താമത് അന്താരാഷ്‌ട്ര യൂറോപ്യന്‍ കത്തോലിക്ക ചൈന കോണ്‍ഫറന്‍സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും വിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. ജര്‍മ്മനിയിലെ സീബര്‍ഗിലുള്ള കത്തോലിക്ക സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (KSI) ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടന്ന കോണ്‍ഫറന്‍സ് പരിസ്ഥിതിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനത്തേയും, സാങ്കേതിക ശാസ്ത്രത്തേയും ആസ്പദമാക്കിയായിരിന്നു. ഡിജിറ്റലൈസേഷന്‍, നിര്‍മ്മിതി ബുദ്ധി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍, ‘ലൗദാത്തോ സി’ എന്നിവക്ക് പുറമേ ചൈനയിലെ കത്തോലിക്ക സഭ, വത്തിക്കാന്‍ - ചൈന കരാറിന്റെ ഭാവി ഫലങ്ങള്‍ തുടങ്ങിയവയും കോണ്‍ഫറന്‍സിന്റെ മുഖ്യ വിഷയങ്ങളായി.

ഹോങ്കോങ്ങ്, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള വിദഗ്ദര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഏഷ്യാ ന്യൂസിന്റെ ഡയറക്ടറായ ഫാ. ബര്‍ണാര്‍ഡോ സെര്‍വെല്ലേര ചൈനയുടെ മതപരമായ നയങ്ങളെക്കുറിച്ച് വിശദീകരണം നല്‍കി. ചൈനയുടെ വികസനത്തിന്റെയും സാങ്കേതിക പരിപൂര്‍ണ്ണതയുടെയും പശ്ചാത്തലത്തില്‍ പാപ്പയുടെ പ്രസ്താവനകള്‍ക്ക് ചൈനയിലുള്ള പ്രസക്തിയെക്കുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു. പ്രകൃതിയുടെ സംരക്ഷണത്തിലും മനുഷ്യ സ്വാതന്ത്ര്യത്തിലും ക്രൈസ്തവ വിശ്വാസത്തിനും മറ്റു മതങ്ങള്‍ക്കും വഹിക്കാവുന്ന പങ്കും കോണ്‍ഫറന്‍സിന്റെ വിഷയമായെന്ന്‍ ഫാ. ബര്‍ണാര്‍ഡോ സെര്‍വെല്ലേര പറഞ്ഞു.


Related Articles »