Life In Christ - 2025

‘ആ ഫോട്ടോയാണ് എന്നെ ഒരു പുരോഹിതനാക്കിയത്’: വൈദികന്റെ ട്വീറ്റ് ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകന്‍ 10-09-2019 - Tuesday

ലോസ് ആഞ്ചലസ്: തന്റെ ജീവിതം മാറ്റിമറിച്ച ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ലോസ് ഏഞ്ചലസ് രൂപത വൈദികന്‍റെ ട്വീറ്റ് വാര്‍ത്തയാകുന്നു. 2011-ല്‍ മാഡ്രിഡില്‍ നടന്ന ലോക യുവജന സംഗമത്തില്‍ എടുത്ത ഫോട്ടോയാണ് തന്നെ ഒരു പുരോഹിതനാക്കിയതെന്നാണ് ഫാ. ഗോയോ ഹിഡാല്‍ഗൊ എന്ന വൈദികന്റെ ട്വീറ്റില്‍ പറയുന്നത്. മുട്ടുകുത്തി കുമ്പസാരം കേള്‍ക്കുന്ന വൈദികന്റെ ചിത്രമാണ് അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

‘2011-ല്‍ മാഡ്രിഡില്‍ നടന്ന ലോക യുവജന സംഗമത്തിലാണ് ഞാന്‍ ഈ ഫോട്ടോ എടുക്കുന്നത്. അന്ന് ഒന്നാം വര്‍ഷ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. മുട്ടുകുത്തി നിന്നുകൊണ്ട് കുമ്പസാരം കേള്‍ക്കുന്ന വൈദികന്റെ ആ ചിത്രം എന്നെ ഒരുപാട് സ്വാധീനിച്ചു. ആ നിമിഷം മുതലാണ് ഒരു പുരോഹിതനാവാന്‍ ഞാന്‍ ശരിക്കും തീരുമാനിച്ചതെന്ന് എനിക്കറിയാം’ എന്നാണ് ഫാ. ഗോയോയുടെ ട്വീറ്റില്‍ പറയുന്നത്. ‘ക്ഷമ എന്റെ ജീവിതത്തെ മാറ്റി’, ‘കുമ്പസാരത്തെ ഭയക്കരുത്’ എന്നു കൂടി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

വെറും നിലത്ത് മുട്ടുകുത്തി നിന്നുകൊണ്ട് കുമ്പസാരം കേള്‍ക്കുന്ന പുരോഹിതന്റെ ആ ചിത്രം കാണുമ്പോള്‍ ഒരു സാധാരണ ഫോട്ടോ എന്ന് തോന്നുമെങ്കിലും കുമ്പസാരമെന്ന കൂദാശയുടെ ശക്തി വെളിപ്പെടുത്തുന്നതാണ് ഈ ഫോട്ടോയെന്ന്‍ മിക്കവരും സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേരാണ് കുമ്പസാരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും, തങ്ങള്‍ക്കുണ്ടായ കുമ്പസാര അനുഭവങ്ങളെക്കുറിച്ചുമുള്ള കഥകളുമായി കമന്റ് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളോളം കുമ്പസാരിക്കാതെ ഇരുന്നതിനു ശേഷം ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി കുമ്പസാരിച്ചതു മുതല്‍ തന്റെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിച്ചുവെന്നും തന്റെ ജീവിതം നവീകരിക്കപ്പെട്ടുവെന്നും സ്നേഹത്താല്‍ നിറഞ്ഞുവെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ദൈവവിളി സ്വീകരിച്ചതിനു നന്ദി! ദൈവത്തേയും ഞങ്ങളേയും സ്നേഹിക്കുന്ന പുരോഹിതരേയാണ് വേണ്ടത്; ‘ക്ഷമയുടെ ശക്തിയെ കാണിക്കുന്ന ചിത്രം പങ്കുവെച്ചതിന് നന്ദി’- ഇത്തരത്തില്‍ നിരവധി കമന്റുകളും ഫാ. ഗോയോയുടെ ട്വീറ്റിനു ലഭിക്കുന്നുണ്ട്.


Related Articles »