News - 2025

ക്രിസ്തീയ ഐക്യ സന്ദേശമുയര്‍ത്താന്‍ മലേഷ്യയില്‍ വിവിധ സഭാവിഭാഗങ്ങളുടെ കൂട്ടായ്മ

സ്വന്തം ലേഖകന്‍ 13-09-2019 - Friday

ക്വാലാലംപൂര്‍: കിഴക്കന്‍ മലേഷ്യയില്‍ വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയായ ‘പെന്തക്കോസ്തല്‍ നൈറ്റ്സ്’ല്‍ സാബാ, ബ്രൂണായി, ക്വാലാലം‌പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുമായി കാല്‍ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. സാറാവാക് സംസ്ഥാന തലസ്ഥാനമായ കുച്ചിങ്ങിലെ ജൂബിലി സ്പോര്‍ട്സ് ഗ്രൗണ്ടില്‍ വെച്ച് നാളെയും നാളെ കഴിഞ്ഞുമായി (14, 15 തിയതികളില്‍) രാത്രികളിലായിരിക്കും കൂട്ടായ്മ നടക്കുക. മേഖലയിലെ വിവിധ സഭാവിഭാഗങ്ങള്‍ കൂട്ടായ്മയിലേക്ക് തങ്ങളുടെ വിശ്വാസി സംഘത്തെ അയക്കുന്നുണ്ടെന്ന് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെ ആഘോഷിക്കുന്ന കാര്യത്തിലും, ക്രിസ്തുവിന്റെ ഐക്യത്തിലും ഒന്നായിരിക്കുന്നതിനാല്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് കുച്ചിങ്ങിലെ കത്തോലിക്ക മെത്രാപ്പോലീത്തയായ മോണ്‍. സൈമണ്‍ പീറ്റര്‍ പോ ഹൂണ്‍ സെങ് വിവിധ സഭാവിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

സമാധാനവും, സ്നേഹവും നിറഞ്ഞ മനസ്സോടെ പരസ്പര ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും സാറാവാക് അസോസിയേഷന്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവരുടെ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനവുമായി ബോര്‍ണിയോ ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രസിഡന്റായ റവ. ജെസ്റ്റിന്‍ വാനും രംഗത്തെത്തിയിട്ടുണ്ട്. ‘പെന്തക്കോസ്തല്‍ നൈറ്റ്സ്’ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളുടെ പുകഴ്ച്ചക്കും, ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ഏറ്റവും നല്ല വേദിയാണെന്നും അദ്ദേഹം പറഞ്ഞു. ആംഗ്ലിക്കന്‍ വിശ്വാസികളും സംഗമത്തില്‍ പങ്കെടുക്കുമെന്ന് സാറാവാക്കിലേയും ബ്രൂണെയിലേയും ആംഗ്ലിക്കന്‍ മെത്രാനായ റവ. ഡാനാള്‍ഡ് ജൂട്ട് അറിയിച്ചിട്ടുണ്ട്.

നിരവധി ആംഗ്ലിക്കന്‍ വിശ്വാസികള്‍ ഇതിനായി മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യം സന്തോഷമുളവാക്കുന്നതാണെന്നും, കൂട്ടായ്മയില്‍ പ്രാര്‍ത്ഥന കൊണ്ട് ആവേശം നിറക്കുന്ന യോദ്ധാക്കളായിരിക്കും ആംഗ്ലിക്കന്‍ സഭാംഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാപ്റ്റിസ്റ്റ്, പ്രിസ്ബൈറ്റേറിയന്‍, സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ്, ലൂഥറന്‍, ബെഥനി ചര്‍ച്ച്, ലാറ്റര്‍ റെയിന്‍ ചര്‍ച്ച് തുടങ്ങി നിരവധി സ്വതന്ത്ര സഭാവിഭാഗങ്ങളുടെ തങ്ങളുടെ പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി വിവിധ സഭാ സംഘടനകള്‍ ഇടവക നോട്ടീസുകള്‍ വഴിയും, വാര്‍ത്താ പത്രങ്ങള്‍ വഴിയും, സമൂഹ മാധ്യമങ്ങള്‍ വഴിയും കൂട്ടായ്മയുടെ വിജയത്തിനായി പ്രചാരണം നടത്തിവരികയാണ്.


Related Articles »