Life In Christ

തിരുസഭ വലിയ പ്രതിസന്ധികള്‍ക്ക് നടുവിലോ? ഉത്തരവുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ

സ്വന്തം ലേഖകന്‍ 25-09-2019 - Wednesday

റോം: ആഗോള തലത്തിലും നവമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുന്ന ആമസോണ്‍ സിനഡിനെ പറ്റിയും സഭ ഇക്കാലത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളെ കുറിച്ചും വിശദീകരണവുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. സെപ്റ്റംബര്‍ 13-ന് നാഷ്ണല്‍ കാത്തലിക് രജിസ്റ്ററിന്റെ റോമിലെ കറസ്പോണ്ടന്റായ എഡ്വാര്‍ഡ് പെന്റിന് നല്‍കിയ അഭിമുഖത്തിലാണ് വിഷയത്തിലുള്ള തന്റെ നിലപാട് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയത്. പാന്‍-ആമസോണ്‍ മേഖലയിലെ മെത്രാന്‍ സിനഡ് പ്രാദേശിക മെത്രാന്‍മാരുടെ യോഗമാണെന്നും അല്ലാതെ പൗരോഹിത്യത്തിലെ ബ്രഹ്മചര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുവാനുള്ള മെത്രാന്മാരുടെ സമിതിയല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കാത്തതും, വ്യക്തിപരമായ അഭിപ്രായങ്ങളെ സത്യമെന്ന നിലയില്‍ അടിച്ചേല്‍പ്പിക്കുന്നതുമാണ് ഇന്നു സഭ നേരിടുന്ന വെല്ലുവിളികളുടെ പ്രധാന കാരണമെന്നു കര്‍ദ്ദിനാള്‍ പറയുന്നു. സഭയില്‍ വിപ്ലവകരവും, സമഗ്രവുമായ മാറ്റങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ വ്യാജ പ്രവാചകരും, സഭാമക്കളുടെ നന്മ ആഗ്രഹിക്കാത്തവരുമാണെന്ന മുന്നറിയിപ്പും കര്‍ദ്ദിനാള്‍ നല്കുന്നുണ്ട്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദ ഡേ ഈസ്‌ നൌ ഫാര്‍ സ്പെന്റ്’ എഴുതുവാനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഗ്രന്ഥത്തിലൂടെ വായനക്കാരോട് എന്താണ് പ്രധാനമായും പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, ഒരു പുരോഹിതനും-അജപാലകനുമെന്ന നിലയിലുള്ള തന്റെ ഹൃദയത്തിന്റെ മുറവിളിയാണ് ഈ പുസ്തകമെന്നും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസമില്ലായ്മയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ദൈവത്തിനായിരിക്കണം നമ്മള്‍ പ്രധാന പരിഗണന കൊടുക്കേണ്ടതെന്ന കാര്യവും ഓര്‍മ്മിപ്പിച്ചുകൊണ്ട്, സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവുമായ നാശങ്ങളുടെ കാരണവുമിതാണെന്ന്‍ വ്യക്തമാക്കുവാന്‍ തന്റെ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.

സാംസ്‌കാരിക മൂലച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാശ്ചാത്യ ലോകത്ത് ക്രിസ്തീയതക്കു ഇനിയും പ്രതീക്ഷക്ക് വകയുണ്ടോ എന്ന ചോദ്യത്തിന് വിശുദ്ധ ലൂക്കായുടെ (ലൂക്കാ 24:29) സുവിശേഷത്തില്‍ നിന്നും എടുത്തിരിക്കുന്ന തന്റെ പുസ്തകത്തിന്റെ പേരില്‍ തന്നെ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണാമെന്നും, ദൈവം തന്നെയാണ് നമ്മുടെ പ്രതീക്ഷയുടെ ആദ്യകാരണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തീയ മാതാപിതാക്കള്‍, ഈ നൂറ്റാണ്ടിലെ രക്തസാക്ഷികള്‍, ദിവ്യബലിയര്‍പ്പിക്കുന്ന പുരോഹിതര്‍ തുടങ്ങിയവരെല്ലാം പ്രതീക്ഷക്കുള്ള കാരണമാണെന്നും അദ്ദേഹം വിശദമാക്കി.

അമോരിസ് ലെത്തീസ്യ, ഹ്യൂമാനെ വിറ്റേ ഉള്‍പ്പെടെ സഭാ പിതാക്കന്മാരുടേയും, സഭയുടേയും പ്രബോധനങ്ങള്‍ സംബന്ധിച്ച് സമീപകാലങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതായുണ്ടോ എന്ന ചോദ്യത്തിന് യേശുക്രിസ്തു ഇന്നലേയും, ഇന്നും എന്നും ഒരാള്‍തന്നെയാണ് എന്ന വിശുദ്ധ ഗ്രന്ഥത്തിലെ വാക്യമാണ് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടിയത്. സുവിശേഷം എന്നും ഒരുപോലെയാണെന്നും മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് നമ്മുടെ ഐക്യത്തില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലെന്നും, സത്യം നമ്മളെ സ്വതന്ത്രമാക്കുമെന്നും, സഭയുടെ ഔന്നത്യം തകരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധനാപരമായ നവീകരണങ്ങള്‍ വിശ്വാസികളെ അനുകൂലമായും പ്രതികൂലമായും ഏതളവ് വരെ സ്വാധീനിക്കും എന്ന ചോദ്യത്തിനു വളരെ ശക്തമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ആരാധനാ ദൈവീകമായ പ്രവര്‍ത്തിയാണ്, അത് മനുഷ്യന്റെ പ്രവര്‍ത്തിയാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ നല്ലതല്ല. ആരാധനയില്‍ കൂടുതല്‍ മതനിരപേക്ഷതയും ഭൗതീകതയും കൊണ്ടുവരുന്നത് വിശ്വാസികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത കുര്‍ബാനയാണ് യുവജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ലെന്നും, അതിന് താന്‍ സാക്ഷിയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

വിശ്വാസത്തില്‍ വന്ന കുറവ് പലരാജ്യങ്ങളിലും ക്രൈസ്തവ വിശ്വാസത്തിന്റെ തളര്‍ച്ചക്ക് കാരണമാകുന്നുവെന്ന വസ്തുതയെ മുന്‍നിര്‍ത്തിയുള്ള അവതാരകന്‍റെ ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടിയാണ് നല്കിയിരിക്കുന്നത്. നോമ്പുകാല ഉപവാസവും പ്രാര്‍ത്ഥനയുമെല്ലാം വെറും ആചാരമായി മാറിയിരിക്കുകയാണെന്നും ശക്തമായ ആത്മീയ മനോഭാവമില്ലെങ്കില്‍ വിശ്വാസം വെറും ഭാവനാത്മകമായ സ്വപ്നം മാത്രമായി മാറുമെന്നും കര്‍ദ്ദിനാള്‍ മുന്നറിയിപ്പ് നല്‍കി. ആമസോണ്‍ സിനഡിനെ പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ പ്രത്യേകം പരാമര്‍ശം നടത്തി.

ആഗോള സഭയുടെ പരീക്ഷണശാലയായിരിക്കും ആമസോണ്‍ സിനഡെന്നും, സിനഡിനു ശേഷം കാര്യങ്ങള്‍ ഒന്നും തന്നെ പഴയതുപോലെ ആയിരിക്കില്ലെന്നുമൊക്കെ ചിലര്‍ പറഞ്ഞുപരത്തുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇത് തെറ്റിധാരണ പരത്തുന്ന കാര്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ കുരിശിന്റെ രഹസ്യത്തില്‍ ജീവിക്കുന്നതിന്റെ പ്രധാന അടിത്തറ തന്നെ പൗരോഹിത്യ ബ്രഹ്മചര്യമാണെന്നും, ചില പാശ്ചാത്യര്‍ക്ക് ഇത് ദഹിക്കുന്നില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ആമസോണ്‍ മേഖലയിലെ സുവിശേഷവത്കരണം മാത്രമാണ് സിനഡിന്റെ ലക്ഷ്യമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ആഗോള തലത്തില്‍ ഏറ്റവും ജനസമ്മതിയുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ അഭിമുഖം അവസാനിക്കുന്നത്.


Related Articles »