News - 2025
ജീവനെ നെഞ്ചോട് ചേര്‍ത്ത് അമേരിക്ക: പ്രോലൈഫ് നിയമങ്ങളില്‍ 25 ശതമാനം വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 30-09-2019 - Monday
വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷത്തെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ വിജയ പരാജയങ്ങളെ അക്കമിട്ടു നിരത്തുന്ന പുതിയ റിപ്പോര്‍ട്ടു പ്രതീക്ഷയേകുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനായി ഈ വര്‍ഷം ഇതുവരെ 58 നിയമങ്ങള്‍ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലായി ഒപ്പുവെക്കപ്പെട്ടിട്ടുണ്ടെന്ന് പ്രോലൈഫ് സംഘടനയായ അമേരിക്കന്‍സ് യുണൈറ്റഡ് ഫോര്‍ ലൈഫിന്റെ (എ.യു.എല്‍) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഈ നിയമങ്ങള്‍ ഗര്‍ഭഛിദ്രം കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നത്.
കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 46 സംസ്ഥാനങ്ങളില്‍ പ്രോലൈഫ് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മൈനെ, ന്യൂ ജേഴ്സി എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള ദയാവധം അനുവദനീയമായെങ്കിലും ഏഴു സംസ്ഥാനങ്ങളില്‍ ദയാവധത്തിന് അനുമതി കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടു. അര്‍ക്കന്‍സാസില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ കുറ്റകരമാക്കിയതെന്നതും ശ്രദ്ധേയമാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഭ്രൂണത്തില്‍ ഹൃദയമിടിപ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷമുള്ള (8 ആഴ്ചകള്‍) ഭ്രൂണഹത്യ വിലക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടക്കുകയുണ്ടായി.
സംസ്ഥാന-ഫെഡറല്‍ കോടതികളില്‍ ഈ നിയമം വെല്ലുവിളിക്കപ്പെട്ടെങ്കിലും അര്‍ക്കന്‍സാസ്, ടെന്നസ്സി, കെന്റക്കി, മിസ്സൌറി എന്നീ സംസ്ഥാനങ്ങളില്‍ ഉപാധികളോടെ അബോര്‍ഷന്‍ വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കപ്പെട്ടതും പ്രോലൈഫ് പ്രവര്‍ത്തകാരുടെ വിജയമായി കണക്കാക്കപ്പെടുന്നു. ഇദാഹോ, സൗത്ത് ഡക്കോട്ട, അര്‍ക്കന്‍സാസ്, ടെന്നസി, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ റിപ്പോര്‍ട്ടിംഗ് സുതാര്യമാക്കിക്കൊണ്ടുള്ള ബില്ലുകളും, അര്‍ക്കന്‍സാസ്, കെന്റക്കി, നെര്‍ബാസ്ക, നോര്‍ത്ത് ഡക്കോട്ട, ഒക്ലാഹോമ എന്നീ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍ വിവരിക്കുന്ന കൗണ്‍സലിംഗ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലും പാസ്സാക്കപ്പെട്ടു. നാലോളം സംസ്ഥാനങ്ങളില്‍ ഡൌണ്‍ സിന്‍ഡ്രോം കണ്ടെത്തിയ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള പാരെന്റല്‍ ഡിസ്ക്രിമിനേഷന്‍ ആക്റ്റ് പാസ്സാക്കിയതും ട്രംപ് ഭരണകൂടം പിന്തുടരുന്ന പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
![](/images/close.png)