News - 2025
ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരെ ബൊക്കോ ഹറാം കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 09-10-2019 - Wednesday
മൈദുഗുരി, നൈജീരിയ: നൈജീരിയായില്‍ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം കൊലപ്പെടുത്തുന്ന വീഡിയോ ബൊക്കോഹറാം പുറത്തുവിട്ടു. മാങ്ങു പ്രവിശ്യയില്‍ ഭവനരഹിതരെ സഹായിക്കുന്ന ലോറന്‍സ് ഡുണാ ഡാസിഗിര്‍, ഗോഡ്ഫ്രെ അലി ഷികാഗം എന്നി ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മുഖം മൂടികളും ആയുധധാരികളുമായ തീവ്രവാദികള്‍ക്ക് മുന്നില്‍ ഇവരെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷമായിരുന്നു കൊലപാതകം. ഇനി തങ്ങള്‍ പിടികൂടാന്‍ പോകുന്ന ക്രിസ്ത്യാനികളെയെല്ലാം കൊന്നുകളയുമെന്ന ഭീഷണിയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് അമാക്ക് ന്യൂസ് ഏജന്‍സി എന്ന സൈറ്റിലൂടെ പുറത്തുവിട്ട വീഡിയോയിലുണ്ട്.
തീവ്രവാദികളുടെ ആക്രമത്തിനിരയായി ഭവനരഹിതരായവര്‍ക്ക് വേണ്ടി താമസ സ്ഥലങ്ങള്‍ പണിയുന്നതിന് സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൈദുഗുരിയില്‍ വെച്ചാണ് ഇരുവരും, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കാ പ്രൊവിന്‍സ് (ISWAP) എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ബൊക്കോഹറാമിന്റെ പിടിയിലാകുന്നത്. നൈജീരിയയില്‍ മുന്‍പ് നടന്ന മതപരമായ കലാപങ്ങളില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ പ്രതികാരമായി തങ്ങള്‍ പിടികൂടുന്ന എല്ലാ ക്രിസ്ത്യാനികളേയും കൊല്ലുമെന്ന്‍ ഹൗസാ ഭാഷയില്‍ വീഡിയോയിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. അടക്കം ചെയ്യുവാന്‍ പോലും ഇവരുടെ മൃതദേഹങ്ങള്‍ ലഭിക്കില്ലെന്നും, ഇവരുടെ സ്മരണക്കായി ഒരു താല്‍ക്കാലിക സ്മാരകം പണിയുമെന്നും പ്രാദേശിക ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി.
ഫെഡറല്‍ ഗവണ്‍മെന്റ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കില്‍ യുവാക്കള്‍ തീവ്രവാദി സംഘടനകളില്‍ ആകൃഷ്ടരാവില്ലായിരുന്നുവെന്നും, തന്റെ സ്വന്തക്കാര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും റവ. പോഫി ആരോപിച്ചു. ഭവനരഹിതരെ സഹായിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടിട്ടുപോലും ഈ കൊലപാതകത്തെ അപലപിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് യു.എസ്-നൈജീരിയ നിയമസംഘടനയുടെ അറ്റോര്‍ണി ഇമ്മാനുവല്‍ ഒഗേബെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറലിനെഴുതിയ കത്തില്‍ പറയുന്നു. ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടുവാന്‍ പോകുന്നുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹത്തിന്റെ കത്തിലുണ്ട്. 2009-ല്‍ നൈജീരിയയില്‍ പതിനായിരകണക്കിന് ക്രിസ്ത്യാനികളാണ് ബൊക്കോഹറാമിനാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. 23 ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവ പീഡനം സംബന്ധിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഇക്കൊല്ലത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 12-മതാണ് നൈജീരിയയുടെ സ്ഥാനം.
![](/images/close.png)