Youth Zone - 2024

ഫിലിപ്പീന്‍സിലെ സ്കൂളുകളില്‍ ബൈബിള്‍ വായന നിര്‍ബന്ധമാക്കുന്ന ബില്ലിന് വന്‍പിന്തുണ

സ്വന്തം ലേഖകന്‍ 11-10-2019 - Friday

മനില: ഫിലിപ്പീന്‍സിലെ പൊതു സ്കൂളുകളിലും, പ്രൈമറി സ്കൂളുകളിലും ബൈബിള്‍ വായന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് പൂര്‍ണ്ണ പിന്തുണയുമായി ഫിലിപ്പീന്‍സിലെ കത്തോലിക്ക സഭാനേതൃത്വം. കൂടുതല്‍ ആളുകള്‍ ദൈവവചനമറിയുന്നതിന് ഇടയാകുമെന്ന കാരണത്താല്‍ ബില്‍ പാസ്സാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി.ബി.സി.പി) ബിബ്ലിക്കല്‍ അപ്പസ്തോലേറ്റ് എപ്പിസ്കോപ്പല്‍ കമ്മീഷന്റെ മുന്‍ തലവനും സോര്‍സഗോണ്‍ മെത്രാനുമായ ആര്‍ട്ടുറോ ബാസ്റ്റസ് പറഞ്ഞു. സി.ബി.സി.പിയുടെ യൂത്ത് എപ്പിസ്കോപ്പല്‍ കമ്മീഷന്റെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ ഫാ. കോനെഗുണ്ടോ ഗര്‍ഗാന്റായും ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയും പ്രസക്തമായ നടപടിയുമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്. എല്ലാ വര്‍ഷവും ജനുവരി മാസങ്ങളില്‍ ബൈബിളിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങളെ പിന്തുണക്കുന്നതായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസപരമായ നിര്‍ദ്ദേശങ്ങള്‍ പൊതു സ്കൂളുകളില്‍ വായിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മതാഭിമുഖ്യങ്ങളെ മാനിക്കത്തക്ക രീതിയില്‍ വേണമെന്നുമാണ് കലൂകന്‍ രൂപതാധ്യക്ഷന്‍ പാബ്ലോ ഡേവിഡ് ബില്ലിനെക്കുറിച്ച് പ്രതികരിച്ചത്. ഭാഗ്യത്തിന് പാശ്ചാത്യരെ ബാധിച്ചിരിക്കുന്ന മതനിരപേക്ഷത ഫിലിപ്പീന്‍സിലെ പൊതു സ്കൂളുകളെ പിടികൂടിയിട്ടില്ലെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ സ്കൂളുകളിലും ഹൈസ്കൂളുകളിലും ബൈബിള്‍ ഇഷ്ടപ്രകാരം പഠിക്കാവുന്ന ഒരു വിഷയമാക്കാമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.

ഫിലിപ്പീന്‍സ് ജനപ്രതിനിധി സഭയിലെ പ്രതിനിധിയായ ബിയന്‍ വെനീഡോ അബാന്റെ ജൂനിയറാണ് ബൈബിള്‍ വായന സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന ‘ബില്‍ 2069’ അഥവാ ‘മാന്‍റേറ്ററി ബൈബിള്‍ റീഡിംഗ് ആക്റ്റ്’ സഭയുടെ പരിഗണനക്കായി വെച്ചത്. പൊതു പ്രൈമറി, ഹൈസ്കൂളുകളിലെ ഇംഗ്ലീഷ്, ഫിലിപ്പീനോ വിദ്യാര്‍ത്ഥികള്‍ക്ക് ബൈബിള്‍ വായന, ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍, പരീക്ഷ എന്നിവ നിര്‍ബന്ധമാക്കണമെന്ന് അനുശാസിക്കുന്ന ബില്ലാണിത്. മുസ്ലീം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഖുറാന്‍ വായനയും, ചര്‍ച്ചയും, പരീക്ഷയുമാണ്‌ ഈ വിഷയത്തില്‍ ഉള്‍പ്പെടുക. ആകെ ജനസംഖ്യയുടെ 92% വും ക്രൈസ്തവ വിശ്വസം പിന്തുടരുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്.


Related Articles »