News - 2025
എല്ലാ കണ്ണുകളും വത്തിക്കാന്റെ പുണ്യനഗരിയിലേക്ക്: വിശുദ്ധപദ പ്രഖ്യാപനത്തിന് മിനിറ്റുകൾ മാത്രം ബാക്കി
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
വത്തിക്കാന്‍ സിറ്റി: കേരളത്തില്‍ നിന്നുള്ള മറിയം ത്രേസ്യ അടക്കം അഞ്ചു വിശുദ്ധരെ തിരുസഭയിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തുന്നതിന് ഇനി മിനിറ്റുകൾ മാത്രം ബാക്കി. തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയെ കൂടാതെ, കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകന്‍ ജുസപ്പീന വനീനി, മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് മദര്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ദുള്‍ച്ചെ ലോപ്പസ് പോന്റസ്, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭാംഗമായ മര്‍ഗരീത്ത ബേയ്‌സ് എന്നിവരെയാണ് ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
ത്രിവര്‍ണപതാകയും മറിയം ത്രേസ്യയുടെ ചിത്രങ്ങളുമായി വന്‍ മലയാളി സംഘം വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാവിലെ 9.30ന് ആരംഭിച്ച വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കുള്ള ഔദ്യോഗിക പരിശീലനം തെരഞ്ഞെടുക്കപ്പെട്ടവര്‍ 11.30ന് പൂര്‍ത്തിയാക്കി. നാമകരണ പ്രഖ്യാപനത്തിന്റെ ചടങ്ങുകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് ആരംഭിക്കുക.