News - 2025

വത്തിക്കാനിലെ ഇന്നത്തെ ചടങ്ങുകള്‍ ഇങ്ങനെ

ഫാ.​​​​ ജോ​​​​മി തോ​​​​ട്ട്യാ​​​​ൻ 13-10-2019 - Sunday

വത്തിക്കാന്‍ സിറ്റി: ഇന്നു വത്തിക്കാന്‍ സമയം രാവിലെ ഏഴിനു (ഇന്ത്യന്‍ സമയം രാവിലെ 10.30) നിയന്ത്രിത പ്രവേശന വഴികളിലൂടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചവര്‍ പ്രധാന വേദിയിലെത്തും. പ്രാരംഭ പ്രാര്‍ഥനയായി ജപമാല. തുടര്‍ന്ന് 10.15ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45) ഔദ്യോഗിക പ്രദക്ഷിണം നടക്കും. തെരഞ്ഞെടുക്കപ്പെട്ട വൈദികരും മെത്രാന്മാരും മാര്‍പാപ്പയോടൊപ്പം, ഒരുക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലേക്കു പ്രത്യേക ക്രമത്തില്‍ ഈ പ്രദക്ഷിണത്തില്‍ പങ്കുചേരും. പ്രദക്ഷിണസമയത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെക്കുറിച്ച് എഴുതിചിട്ടപ്പെടുത്തിയിട്ടുള്ള രണ്ടു ഗാനങ്ങള്‍ മലയാളത്തില്‍ വിശുദ്ധ പത്രോസിന്റെ ദേവാലയ മുറ്റത്ത് മുഴങ്ങും. ഫാ. ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ ഗാനങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ മലയാളികളും ഏറ്റുപാടും.

ഔദ്യോഗിക വേദിയിലേക്കു ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് ജനറാള്‍ സെലിയ ആന്‍ഡ്രിഗത്തി ക്രെമോണ, വിശുദ്ധരുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റു മൂന്നു പേര്‍, വിശുദ്ധപദവി പ്രഖ്യാപന തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ജിയോവാനി ആഞ്ചലോ ബേച്ചു എന്നിവര്‍ പ്രവേശിക്കും. പൊതുനിര്‍ദേശങ്ങള്‍ക്കു ശേഷം കര്‍ദിനാള്‍ ആഞ്ചലോ ബേച്ചു, വിശു ദ്ധ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രിക സഭയുടെ തലവനുമായ ഫ്രാന്‍സ് മാര്‍പാപ്പയ്ക്കു മുന്നില്‍, വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെടാനുള്ള അഞ്ചു പേരുടെയും ലഘുചരിത്രം വായിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ഈ അഞ്ചു വാഴ്ത്തപ്പെട്ടവരെയും ഔദ്യോഗികമായി പേരുവിളിച്ചു വിശുദ്ധരായി പ്രഖ്യാപിക്കും. ദിവ്യബലിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വചനവ്യാഖ്യാനം നടത്തും. തുടര്‍ന്ന് കാറോസൂസ പ്രാര്‍ത്ഥന, സമര്‍പ്പണം. തിരുക്കര്‍മങ്ങളോടനുബന്ധിച്ചു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്കു ശേഷം വിവിധ രാജ്യങ്ങളില്‍നിന്നും വിശ്വാസികള്‍ കൊണ്ടുവന്നിട്ടുള്ള തിരുവസ്തുക്കള്‍ വെഞ്ചരിക്കും.

കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളും ഒരുങ്ങിയെത്തിയിട്ടുള്ള വിശ്വാസീസമൂഹവും ചേര്‍ന്ന ആയിരക്കണക്കിന് ആളുകള്‍ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാകും. ഇന്നലെ വത്തിക്കാനില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് മലയാളികളാണ് പങ്കുചേര്‍ന്നത്. നാളെ രാവിലെ 10.30 ന് സെന്റ് അനസ്താസ്യ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രത്യേക കൃതജ്ഞതാബലിയും വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനവും നടക്കും.


Related Articles »