News - 2025
സിറിയന്‍ ക്രൈസ്തവരെ നാമകരണ ചടങ്ങിനിടെ സ്മരിച്ച് പാപ്പ
സ്വന്തം ലേഖകന്‍ 15-10-2019 - Tuesday
വത്തിക്കാന്‍ സിറ്റി: ആഭ്യന്തര യുദ്ധങ്ങളും, സൈനീക നടപടികളും, തീവ്രവാദി ആക്രമണങ്ങളും വഴി കലാപ കലുഷിതമായ മധ്യപൂര്‍വ്വേഷ്യയിലെ പ്രത്യേകിച്ച് സിറിയയിലെ ജനങ്ങളുടെ അവസ്ഥയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് മറിയം ത്രേസ്യ ഉള്‍പ്പെടെയുള്ള അതുല്യ വ്യക്തിത്വങ്ങളെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തിയ ചടങ്ങില്‍ ത്രികാലജപ പ്രാര്‍ത്ഥനക്കിടയിലാണ് ദുരിതമനുഭവിക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരെ പാപ്പ സ്മരിച്ചത്.
എന്റെ ചിന്തകള്‍ വീണ്ടും മധ്യപൂര്‍വ്വേഷ്യയിലേക്കാണ് പോകുന്നത്, പ്രത്യേകിച്ച് പ്രിയപ്പെട്ട സിറിയയിലേക്ക്. സിറിയയുടെ വടക്ക്-കിഴക്കന്‍ ഭാഗത്തു നിന്നും വീണ്ടും ദുരന്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്, സൈനീക നടപടികള്‍ കാരണം പലരും വീടുപേക്ഷിച്ച് പോകുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരോടും, അന്താരാഷ്ട്ര സമൂഹത്തോടും സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും സുതാര്യതയോടും കൂടി സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണണമെന്നുമുള്ള അഭ്യര്‍ത്ഥന വീണ്ടും പുതുക്കുന്നതായും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഇതിനു മുന്‍പും സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കഷ്ടതയനുഭവിക്കുന്ന ക്രൈസ്തവ ജനതക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് ഫ്രാന്‍സിസ് പാപ്പ കത്തയച്ചിരുന്നു. തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുവാന്‍ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നും, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും സമാധാന ശ്രമത്തിനുള്ള വഴികള്‍ തേടണമെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ടായിരിന്നു കത്ത്.
![](/images/close.png)