News - 2025
വിശുദ്ധ പദ പ്രഖ്യാപനം തള്ളികളഞ്ഞ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 15-10-2019 - Tuesday
കൊച്ചി: മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയക്കാതിരുന്ന നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന ഭരണകൂടം ക്രൈസ്തവ വിശ്വാസികളോടും, കേരളീയ സമൂഹത്തോടും കാണിച്ച തികഞ്ഞ അനാദരവാണ്‍ ഇതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് മുമ്പ് വിശുദ്ധ അല്‍ഫോന്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മാ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നത് വിശ്വാസ സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അവരുടെ ജന്മനാടായ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികളെ അയയ്‌ക്കാതിരുന്നത് വിശുദ്ധയോടും വിശ്വാസികളോടുമുള്ള അനാദരവെന്ന് കെപിസിസി വക്താവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്‌ക്കന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപനം മുതല്‍ എവുപ്രാസ്യാമ്മയുടെ നാമകരണ പ്രഖ്യാപനം വരെ നാലു ചടങ്ങുകളിലും കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പ്രതിനിധികളെ അയച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അവഗണന നാടിന് അഭിമാനപരമായ ഒരു മുഹൂര്‍ത്തത്തില്‍ സംഭവിക്കുന്നത്. ഇത് ഗുരുതരമായ വീഴ്‌ചയും തെറ്റായ നിലപാടുമാണ്. വിശ്വാസ സത്യങ്ങളെ ഇല്ലാതാക്കാനും മറച്ചുവയ്‌ക്കാനും പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുലര്‍ത്തുന്നത് അത്യന്തം ഖേദകരമാണ്. സംഭവത്തില്‍ വിശ്വാസ സമൂഹത്തോടും സഭയോടും മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് വാഴയ്‌ക്കന്‍ ആവശ്യപ്പെട്ടു.
ഭാരത കത്തോലിക്ക സഭയുടെ അഭിമാനവും ക്രൈസ്തസഭയുടെ വിശ്വാസ സാക്ഷ്യവുമായ മദര്‍ മറിയം ത്രേസ്യായുടെ നാമകരണ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകളെ അയക്കാതിരുന്നത് അത്യന്തം ദുഖകരമെന്ന് കാത്തലിക് ഫോറം കേന്ദ്ര കമ്മറ്റിയും വിലയിരുത്തി. ഇരിങ്ങാലക്കുടയിലെ പുത്തന്‍ചിറയെന്ന ഗ്രാമത്തില്‍ ജനിച്ച് കേവലം 50 വര്‍ഷക്കാലം മാത്രം ജീവിച്ച് ലോകമെങ്ങും അറിയപ്പെടുകയും, സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാതൃകയാവുകയും, കത്തോലിക്കസഭയുടെ ലോകമെങ്ങുമുള്ള അള്‍ത്താരകളില്‍ വണക്കപ്പെടുവാന്‍ യോഗ്യയാക്കപ്പെടുകയും ചെയ്ത ചടങ്ങില്‍ വിട്ടുനിന്ന കേരളസര്‍ക്കാരിന്റെ വീഴ്ച തിരുത്തപ്പെടേണ്ടതാണെന്ന് കാത്തലിക്ക് ഫോറം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പ്രതിനിധി സംഘം വരെ വത്തിക്കാനിലെ തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായെങ്കിലും വിശുദ്ധയുടെ ജന്‍മനാടായ കേരള മണ്ണില്‍ നിന്നു സംസ്ഥാന പ്രതിനിധി സംഘത്തെ അയക്കാതിരിന്ന നടപടിയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്.