News - 2024

കെനിയയിൽ കാണാതായ വൈദികന്റെ മൃതശരീരം കഴുത്തറുത്ത നിലയില്‍

സ്വന്തം ലേഖകന്‍ 18-10-2019 - Friday

നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെ മൃതദേഹം കണ്ടെത്തി. മഷാബ നദിയുടെ കരയിൽ നിന്നുമാണ് ഫാ. മൈക്കിൾ മേയ്ഞ്ചി ക്യെൻങ്ഗോ എന്ന കത്തോലിക്ക വൈദികന്റെ മൃതശരീരം കണ്ടെത്തിയത്. മച്ചാക്കോസ് രൂപതയിലെ, താതാ എന്ന ഇടവകയിൽ സഹ വികാരിയായി സേവനം ചെയ്തു വരികയായിരുന്ന അദ്ദേഹത്തെ ഒക്ടോബർ എട്ടാം തീയതി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുകയായിരിന്നു. 43 വയസ്സുകാരനായ വൈദികനെ ഏറ്റവും അവസാനമായി ആളുകൾ കണ്ടത് ഒക്ടോബർ എട്ടാം തീയതിയാണ്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈദികന്റെ ഫോണും, കാറും, എടിഎം കാർഡും ഒരു വ്യക്തിയിൽ നിന്നും കണ്ടെത്തിയിരിന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ മൈക്കിൾ മേയ്ഞ്ചിയെ കുഴിച്ചിട്ട സ്ഥലം അയാൾ പോലീസിന് വെളിപ്പെടുത്തുകയായിരിന്നു. കഴുത്തറുത്ത നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. 25 വയസുള്ള മൈക്കിൾ മുത്തിനിയാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ചവരെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം ഊർജിതമായി ആരംഭിച്ചിട്ടുണ്ട്.


Related Articles »