News - 2024

യുഎസ് നാവിക അക്കാദമിയിൽ സാത്താനിക ആചാരം അനുവദിക്കണമെന്ന ആവശ്യവുമായി സാത്താനിക് ടെമ്പിൾ

സ്വന്തം ലേഖകന്‍ 21-10-2019 - Monday

അന്നപോളിസ്: അമേരിക്കൻ നാവിക അക്കാദമിയിൽ, സാത്താനിക ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന സാത്താനിക് ടെമ്പിളിന്റെ നിലപാടില്‍ വിവാദം കത്തുന്നു. ആഭ്യന്തര ആദായ വകുപ്പ് സാത്താനിക് ടെമ്പിൾ എന്ന പ്രസ്ഥാനത്തിന് ഔദ്യോഗികമായ അംഗീകാരം നൽകിയതിനെ ചൂണ്ടിക്കാണിച്ചാണ് തങ്ങളുടെ സംഘടനയിൽ അംഗത്വമുള്ള നേവി അംഗങ്ങൾക്ക് സാത്താനികാചാരങ്ങൾ പിന്തുടരാൻ നാവിക അക്കാദമി അനുവാദം തരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപരമായി അക്കാദമിക്കെതിരെ നീങ്ങുമെന്ന ഭീഷണിപ്പെടുത്തലും സാത്താനിക് ടെമ്പിൾ നടത്തിക്കഴിഞ്ഞു.

അതേ സമയം ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി മത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനയായ അലയൻസ് ഡിഫൻഡിങ്ങ് ഫ്രീഡം രംഗത്തുവന്നു. സാത്താനിക് ടെമ്പിൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ആചാരങ്ങൾ നടത്തുകയല്ല, മറിച്ച് ദൈവമില്ല എന്ന തരത്തിലുള്ള ചർച്ച നടത്തുകയാണ് അവരുടെ ഉദ്ദേശമെന്ന് അലയൻസ് ഡിഫൻഡിങ്ങ് ഫ്രീഡം സംഘടനയുടെ മുതിർന്ന അഭിഭാഷക പദവി വഹിക്കുന്ന ജോർദാൻ ലോറൻസ് പറഞ്ഞു. ഇതിനിടെ ഈയാഴ്ച തന്നെ സാത്താനിക മതാചാരങ്ങളനുഷ്ഠിക്കാൻ ആരംഭം കുറിക്കുമെന്ന് മിഡ്ഷിപ്പ്മാൻ ബ്രിഗേഡിലുള്ള അംഗങ്ങൾക്ക് ഒക്ടോബർ എട്ടാം തീയതി ഇമെയിൽ സന്ദേശം ലഭിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് നാവിക അക്കാദമിയുടെ പബ്ലിക് അഫേഴ്സ് ഓഫീസർ അലാനാ ഗാരാസ് പത്രക്കുറിപ്പ് ഇറക്കി.

2017 ഒക്ടോബർ മാസം വോക്സ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇടതുപക്ഷ, മത വിരുദ്ധ പ്രസ്ഥാനമെന്നാണ് സാത്താനിക് ടെമ്പിളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സാത്താനിക് ടെമ്പിൾ, ചർച്ച് ഓഫ് സാത്താൻ പ്രസ്ഥാനത്തെ പോലെ യഥാർത്ഥത്തിൽ സാത്താനെ ആരാധിക്കുന്നില്ലെന്ന് ജോർദാൻ ലോറൻസ് പറഞ്ഞു. മറ്റു മതങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം തങ്ങൾക്ക് വേണമെന്ന് അവകാശപ്പെട്ട്, സാത്താനികത പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രതീതി ആളുകളിൽ സൃഷ്ടിച്ചതിനു ശേഷം, അവരുടെ ഭയം മുതലാക്കി മറ്റു മതവിശ്വാസങ്ങളെയും പൊതുസ്ഥലങ്ങളിൽ നിന്നും പുറന്തള്ളാനാണ് സാത്താനിക് ടെമ്പിൾ ശ്രമിക്കുന്നതെന്ന് ജോർദാൻ ലോറൻസ് കൂട്ടിച്ചേർത്തു.


Related Articles »