India - 2025
മൂലമ്പിള്ളി പുനരധിവാസം നടപ്പിലാക്കിയില്ലെങ്കില്‍ സമരമാര്‍ഗങ്ങളിലേക്കു നീങ്ങുമെന്ന് വരാപ്പുഴ അതിരൂപത
27-10-2019 - Sunday
കൊച്ചി: മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കണ്ടെയ്‌നര്‍ റോഡിനായി കുടിയൊഴിപ്പിച്ചിട്ടു പത്തു വര്‍ഷമായിട്ടും മൂലമൂലമ്പിള്ളിള്ളി പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്കു തൊഴില്‍ നല്കാമെന്ന വാഗ്ദാനവും നടപ്പാക്കിയിട്ടില്ല. കാക്കനാട് സ്ഥലം നല്‍കിയവര്‍ക്കാകട്ടെ വാസയോഗ്യമല്ലാത്ത ചതുപ്പുനിലമാണ് നല്‍കിയിരിക്കുന്നത്. ഇവിടെ വച്ച വീടുകള്‍ വെള്ളക്കെട്ടില്‍ ചെരിയുകയും വിള്ളല്‍ ഉണ്ടാകുകയും ചെയ്തു.
വാഴക്കാലയില്‍ കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നു പിഡബ്ല്യുഡിതന്നെ സാക്ഷ്യപ്പെടുത്തി. മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഒരു മുഴുവന്‍ സമയ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരമാര്‍ഗങ്ങളിലേക്കു നീങ്ങേണ്ടിവരുമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. കളത്തിപ്പറന്പില്‍ വ്യക്തമാക്കി.
