Faith And Reason - 2024

രോഗസൗഖ്യത്തില്‍ ആത്മീയതക്കു പ്രാധാന്യം, അത്ഭുതസൗഖ്യങ്ങള്‍ ശാസ്ത്രത്തിനു എതിരല്ല: ഡോ. ആനന്ദ്കുമാര്‍

30-10-2019 - Wednesday

കൊച്ചി: രോഗചികിത്സയും രോഗസൗഖ്യവും തമ്മില്‍ അന്തരമുണ്ടെന്നും ഒരു വ്യക്തിയുടെ രോഗസൗഖ്യത്തില്‍ അദ്ദേഹത്തിന്റെ ആത്മീയതയ്ക്കും മനഃശാസ്ത്രപരമായ ഘടകങ്ങള്‍ക്കും സ്വാധീനമുണ്ടെന്നും അതിനാല്‍ അത്ഭുതസൗഖ്യങ്ങള്‍ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ലെന്നും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വൈസ് പ്രിന്‍സിപ്പലും ന്യൂറോളജി വിഭാഗം തലവനുമായ ഡോ. ആനന്ദ്കുമാര്‍. അത്ഭുതസൗഖ്യങ്ങള്‍ യുക്തിയും സത്യവും എന്ന വിഷയത്തില്‍ കെസിബിസി പാലാരിവട്ടം പിഒസിയില്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം.

അറിവിനെ സംബന്ധിക്കുന്ന പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ആഖ്യാനം ചെയ്യുമ്പോള്‍ അത്ഭുതങ്ങള്‍ അസാധുവാകുകയല്ല, മറിച്ച് അതിനു കൂടുതല്‍ യുക്തിപരമായ സ്വീകാര്യത കൈവരിക്കുകയാണ് ചെയ്യുന്നതെന്നു റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി അഭിപ്രായപ്പെട്ടു. മനോജന്യ രോഗസൗഖ്യം എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ സാധിക്കുന്നവയല്ല അത്ഭുത രോഗശാന്തികള്‍ എന്നു വിശേഷിപ്പിക്കുന്ന രോഗസൗഖ്യങ്ങളെന്നു സൈക്കോളജിസ്റ്റ് നിഷ ജോസ് നിരീക്ഷിച്ചു.

വിശുദ്ധരുടെ നാമകരണത്തില്‍ അദ്ഭുതരോഗശാന്തി വിശകലനം ചെയ്ത് സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങള്‍ റവ. ഡോ. റോയി കടുപ്പില്‍ വിശദീകരിച്ചു. ശാസ്ത്രീയ വിശകലനങ്ങള്‍ക്കതീതവും ഉടനടി സംഭവിക്കുന്നതുമായ സൗഖ്യങ്ങളെ മാത്രമേ അദ്ഭുതമായി സഭ പരിഗണിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കയോസ് സിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം തുടങ്ങിയ ശാസ്ത്ര മുന്നേറ്റങ്ങള്‍ നമ്മുടെ പരിമിതികളെക്കൂടി നമുക്കു പറഞ്ഞു തരുന്നവയാണെന്നും നമ്മുടെ ചിന്തയുടെ സ്വാഭാവിക ചട്ടക്കൂട്ടില്‍ ഒതുങ്ങാത്തതുകൊണ്ടു പ്രാര്‍ത്ഥനയിലൂടെ സംഭവിക്കുന്ന രോഗശാന്തി അശാസ്ത്രീയമാണെന്നു പറയാന്‍ സാധിക്കില്ലെന്നും ഡോ. സി. രാധാകൃഷ്ണന്‍ സന്ദേശത്തില്‍ പറഞ്ഞു.

സിന്‌പോസിയത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടി പുത്തന്‍പുരയില്‍, സിസ്റ്റര്‍ എല്‍സി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 16