Arts - 2024

ദേവനാഗരി ലിപിയില്‍ കൊങ്കണി ഭാഷയിലുള്ള ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍ 30-10-2019 - Wednesday

സിന്ധുദുര്‍ഗ്, മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് രൂപതയുടെ നേതൃത്വത്തില്‍ ദേവനാഗരി ലിപിയില്‍ കൊങ്കണി ഭാഷയിലുള്ള ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ പുറത്തിറക്കി. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കൊങ്കണി ഭാഷ സംസാരിക്കുന്ന പതിനായിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ക്ക് ദേവനാഗരി ലിപിയിലുള്ള പുതിയ ബൈബിള്‍ ആത്മീയ ഉണര്‍വ് സമ്മാനിക്കും. സിന്ധുദുര്‍ഗ് ജില്ലയുടെ ആസ്ഥാനമായ ഓറസില്‍ നടന്ന ചടങ്ങില്‍ ഗോവ-ദാമന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ഫിലിപ് നേരി ഫെറാവോയും സിന്ധുദുര്‍ഗ് രൂപതാ ബിഷപ്പ് ഡോ. ഓള്‍വിന്‍ ബാരെറ്റോയും ചേര്‍ന്ന് ബൈബിള്‍ പ്രകാശനം ചെയ്തു.

ഗോവ-ദാമന്‍ അതിരൂപത റോമി ലിപിയില്‍ പുറത്തിറക്കിയ കൊങ്കണി ബൈബിളില്‍ നിന്നാണ് ദേവനാഗരി ലിപിയിലുള്ള കൊങ്കണി ബൈബിള്‍ പുറത്തിറക്കാന്‍ പ്രചോദനം ലഭിച്ചതെന്ന് ഡോ. ഓള്‍വിന്‍ ബാരെറ്റോ പറഞ്ഞു. 2014-ലാണ് ദേവനാഗരി കൊങ്കണിയിലേക്ക് ലിപ്യന്തരണം നടത്താനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. ഉദ്യമം ഫലമണിഞ്ഞ സാഹചര്യത്തില്‍ ഗ്രാമത്തിലെയും നഗരത്തിലെയും എല്ലാ കൊങ്കണി വീടുകളിലും ദേവനാഗരി ലിപിയിലുള്ള ബൈബിള്‍ ഉണ്ടാകണമെന്നതും അതുവഴി കുടുംബാംഗങ്ങള്‍ ആത്മീയതയില്‍ ശക്തി പ്രാപിക്കണമെന്നതുമാണ് ആഗ്രഹമെന്ന് ബിഷപ് ബാരെറ്റോ കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ ദേവനാഗരി ബൈബിളിന്റെ എണ്ണായിരം കോപ്പികളാണ് അച്ചടിച്ചിരിക്കുന്നത്.


Related Articles »