News - 2025
മൂന്നു പതിറ്റാണ്ടിന് ശേഷം പരിശുദ്ധ കന്യകാമാതാവിന്റെ രൂപം അര്‍ജന്റീനയിലേക്ക്
സ്വന്തം ലേഖകന്‍ 31-10-2019 - Thursday
വത്തിക്കാന്‍ സിറ്റി: ഫാല്‍ക്ക്ലാന്‍ഡ് ദ്വീപിനെ ചൊല്ലി അര്‍ജന്റീനയും ബ്രിട്ടനും തമ്മിലുണ്ടായ പത്തുദിവസം നീണ്ട അപ്രഖ്യാപിത യുദ്ധത്തെ തുടര്‍ന്ന്‍ ബ്രിട്ടന്റെ പക്കലെത്തിയ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്‍ അര്‍ജന്റീനക്ക് തിരിച്ചു നല്‍കി. ഇന്നലെ ഒക്ടോബര്‍ 30 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ചു നടന്ന ഫ്രാന്‍സിസ് പാപ്പയുടെ പൊതു അഭിസംബോധനക്കിടയിലാണ് ഇംഗ്ലീഷ് മിലിട്ടറി മെത്രാനായ പോള്‍ മേസണ്‍, അര്‍ജന്‍റീനിയന്‍ മെത്രാനായ സാന്റിയാഗോ ഒലിവേരക്ക് അനുരഞ്ജനത്തിന്റെ മാതൃകയുമായി രൂപം കൈമാറിയത്. 1630-ലേതെന്ന് കരുതപ്പെടുന്ന ഔര്‍ ലേഡി ഓഫ് ലുജാന്‍, മാതാവിന്റെ യഥാര്‍ത്ഥ രൂപത്തിന്റെ പകര്‍പ്പാണ്.
1982-ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഫാല്‍ക്ക്ലാന്‍ഡ് ദ്വീപ് പിടിച്ചെടുക്കാനെത്തിയ അര്‍ജന്റീനിയന്‍ സൈന്യം വഹിച്ച രൂപമായിരിന്നു അര്‍ജന്റീനയുടെ മാധ്യസ്ഥ കൂടിയായ ഔര്‍ ലേഡി ഓഫ് ലുജാന്‍ എന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ പകര്‍പ്പ്. യുദ്ധത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ രൂപം ഫാല്‍ക്ക്ലാന്‍ഡിലെ കത്തോലിക്കാ സഭാനേതൃത്വത്തിന്റെ കൈകളിലെത്തുകയും അവര്‍ ഇത് ബ്രിട്ടീഷ് സൈന്യത്തിലെ കത്തോലിക്കാ വൈദികനു കൈമാറുകയുമായിരിന്നു. 'രാഷ്ട്രീയ വിഭജനങ്ങള്‍ നേരിട്ട രണ്ടു രാഷ്ട്രങ്ങളുടെ വിശ്വാസ ഐക്യത്തിന്റെ പ്രകടനമെന്നാണ്' പരിശുദ്ധ കന്യകാമാതാവിന്റെ രൂപം കൈമാറികൊണ്ട് ബ്രിട്ടീഷ് മെത്രാന്‍ പോള്‍ മേസണ്‍ പറഞ്ഞത്.
ഇതിന് പകരം ആള്‍ഡര്‍ഷോട്ടില്‍ സൂക്ഷിക്കുവാനായി ഈ രൂപത്തിന്റെ ഒരു പകര്‍പ്പ് അര്‍ജന്‍റീനിയന്‍ ബിഷപ്പ് ബ്രിട്ടീഷ് മെത്രാനും കൈമാറി. കൈമാറുന്നതിനു മുന്‍പ് ഈ രണ്ടു രൂപങ്ങളും ഫ്രാന്‍സിസ് പാപ്പ ആശീര്‍വ്വദിച്ചിരിന്നു. കഴിഞ്ഞ മുപ്പത്തിയേഴു വര്‍ഷങ്ങളായി ആള്‍ഡര്‍ഷോട്ടിലെ സെന്റ് മൈക്കേല്‍ ആന്‍ഡ് സെന്റ് ജോര്‍ജ്ജ് മിലിട്ടറി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ രൂപം ഇനിമുതല്‍ അര്‍ജന്റീനയില്‍ പൊതുപ്രദര്‍ശനത്തിനു വെക്കുവാനാണ് പദ്ധതി.
![](/images/close.png)