Faith And Reason - 2024
ജെറുസലേം തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ച് ആന്ധ്ര ഭരണകൂടം
സ്വന്തം ലേഖകന്‍ 01-11-2019 - Friday
അമരാവതി: വിശുദ്ധ നാടായ ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള സാമ്പത്തിക സഹായം ഉയർത്താൻ ആന്ധ്ര പ്രദേശിലെ ജഗൻ മോഹൻ റെഡ്‌ഡി ഭരണകൂടം മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. വർഷംതോറും ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും മക്കയിൽ ഹജ്ജിനു പോകുന്നവർക്കും സഹായം നല്‍കുന്നത് വര്‍ദ്ധിപ്പിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർക്ക് നാല്പതിനായിരം രൂപയിൽ നിന്നും അറുപതിനായിരമായും മൂന്ന് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ഇരുപതിനായിരം രൂപയിൽ നിന്നും മുപ്പതിനായിരമായുമാണ് സാമ്പത്തിക സഹായം വർദ്ധിപ്പിച്ചിരിക്കുന്നത്.
തീർത്ഥാടനങ്ങൾക്കായി 14.22 കോടി രൂപ സംസ്ഥാന ഭരണകൂടം വകയിരുത്തി. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജഗന്‍ മോഹന്‍ റെഡ്ഢിയും കുടുംബാംഗങ്ങളും ജെറുസലേം സന്ദർശനം നടത്തിയിരുന്നു. താന്‍ ദൈവത്തിൽ വിശ്വസിക്കുകയും ദിനംപ്രതി ബൈബിൾ വായിക്കുകയും ചെയ്യുന്നയാളാണെന്നും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷന്‍ കൂടിയായ ജഗൻമോഹൻ റെഡ്ഢി പലവട്ടം പൊതുവേദികളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് ഓരോ മാസവും അലവന്‍സും അദ്ദേഹം പ്രഖ്യാപിച്ചിരിന്നു.