Arts - 2025
ആഗോള സഭ വിവരങ്ങള്‍ ഞൊടിയിടയില്‍: ‘കാത്തലിക് ജിയോഹബ്’ പ്രവര്‍ത്തനമാരംഭിച്ചു
സ്വന്തം ലേഖകന്‍ 08-11-2019 - Friday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയിലെ വിവിധ രൂപതകളുടെ ഭൂസ്വത്ത് സംബന്ധിച്ചും ഇടവക, അത്മായ, പുരോഹിത സംബന്ധിയായ വിവരങ്ങളും ഉള്‍കൊള്ളുന്ന സൗജന്യ ഭൂപടങ്ങളുമായി ‘കാത്തലിക് ജിയോഹബ്’ പ്രവര്‍ത്തമാരംഭിച്ചു. അമേരിക്കയിലെ സന്നദ്ധ ഡിജിറ്റല്‍ മാപ്പിംഗ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘ഗുഡ്ലാന്‍ഡ്’സിന്റെ പുതിയ വെബ്സൈറ്റിലാണ് ലോകമെങ്ങുമുള്ള കത്തോലിക്ക രൂപതകളുടേയും, ഇടവകകളുടേയും അതിര്‍ത്തികള്‍, വിശ്വാസികളുടെ എണ്ണം, ഇടവക ജനങ്ങളും പുരോഹിതരും തമ്മിലുള്ള അനുപാതം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ‘ഗുഡ് ലാന്‍ഡ്’സിന്റെ സ്ഥാപകയായ മോളി ബുര്‍ഹാന്‍സാണ് ഈ ആശയത്തിനു പിന്നില്‍.
ആഗോള സഭ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ മനസ്സിലാക്കുവാനുള്ള ഒരു ‘പൊതു തട്ടകം’ എന്നാണ് കാത്തലിക് ജിയോഹബ്ബിനെ ബുര്‍ഹാന്‍സ് വിശേഷിപ്പിക്കുന്നത്. ഭൂശാസ്ത്രപരമായ വിവര സാങ്കേതികതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എസ്രിയുടെ ജി.ഐ.എസ് (ജിയോഗ്രാഫിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് സോഫ്റ്റ്‌വെയര്‍) സാങ്കേതികവിദ്യയാണ് മാപ്പുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, സെന്‍ട്രല്‍ ഓഫീസ് ഫോര്‍ ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വത്തിക്കാന്‍ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് പുറമേ, ‘കത്തോലിക്ഹൈരാര്‍ക്കി.ഓര്‍ഗ്’ എന്ന വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഭൂപടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ലത്തീന്‍ സഭാവിവരങ്ങള്‍ക്ക് പുറമേ ഏതാനും പൗരസ്ത്യ സഭാ വിവരങ്ങള്‍ അടങ്ങുന്ന ഭൂപടങ്ങളും ലഭ്യമാണ്.
വൈദികരുടെ എണ്ണക്കുറവാണ് തങ്ങളുടെ ഭൂപടങ്ങളില്‍ നിന്നും വ്യക്തമായ പ്രധാന കാര്യമെന്ന് ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ മോളി ബുര്‍ഹാന്‍സ് പറഞ്ഞു. അമേരിക്കയില്‍ ശരാശരി 1875 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ വീതമുള്ളപ്പോള്‍, ലോകത്തിന്റെ ദക്ഷിണ മേഖലകളില്‍ പതിനായിരത്തോളം വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ മാത്രമുള്ള സ്ഥലങ്ങളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സൈറ്റ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബുര്‍ഹാന്‍സ്. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ പ്രത്യേക പുരസ്കാരം ബുര്‍ഹാന്‍സ് കരസ്ഥമാക്കിയിരിന്നു.
![](/images/close.png)