News - 2025

പാക്കിസ്ഥാനില്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ തീവ്ര ഇസ്ലാമികവാദികളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 08-11-2019 - Friday

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആരിഫ് വാല ജില്ലയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിന് നേരെ തീവ്ര ഇസ്ലാമികവാദികളുടെ ആക്രമണം. സർക്കാർ അനുമതിയില്ലാതെ പ്രവർത്തിച്ചുവെന്നു ആരോപിച്ച് സംഘടിച്ചെത്തിയ തീവ്ര ഇസ്ലാം മതസ്ഥര്‍ ദേവാലയത്തിന്റെ മതിലും, മുൻവാതിലും തകർത്തു. ക്രൈസ്തവരോടുള്ള പക മൂലമാണ് ഇസ്ലാമികവാദികൾ ദേവാലയം തകർത്തതെന്ന് കത്തോലിക്ക വിശ്വാസികൾ ഏഷ്യാ ന്യൂസ് മാധ്യമത്തോട് പറഞ്ഞു. ഏകദേശം നാലായിരത്തോളമാളുകൾ ഗ്രാമത്തിൽ ജീവിക്കുന്നുണ്ട്. ഇതിൽ എഴുപതോളം കത്തോലിക്കാ കുടുംബങ്ങളും ഉൾപ്പെടുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക കുടുംബങ്ങൾ വേദനയോടും, അമർഷത്തോടും കൂടിയാണ് കഴിയുന്നതെന്ന് മതാധ്യാപകനായ നാസിർ മാസിഹ് പറഞ്ഞു.

വിശ്വാസികൾക്ക് ദേവാലയം പണിയാൻ സാമ്പത്തികമായി ശേഷിയില്ലാത്തതിനാൽ ഒരു കത്തോലിക്കാ വിശ്വാസി നൽകിയ സ്ഥലത്തെ കെട്ടിടത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. തിരുസഭയിലെ വിശുദ്ധ ദിനങ്ങളിൽ സമീപ ദേവാലയത്തിൽ നിന്നും വൈദികർ വിശുദ്ധ കുർബാന ചൊല്ലാൻ ഇവിടേക്ക് എത്തുമായിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ പുറത്തു ചുറ്റു മതില്‍ പണിയുവാന്‍ വിശ്വാസികള്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അതിനെ തീവ്ര ഇസ്ലാമികള്‍ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിലായിരിന്നു ആക്രമണം. ഏകദേശം അറുപതോളം തീവ്ര ഇസ്ലാമികവാദികൾ ചുറ്റികകളും, ട്രാക്ടറുമായി എത്തിയാണ് ദേവാലയം ആക്രമിച്ചത്. പിറ്റേന്ന് ക്രൈസ്തവ വിശ്വാസികളും, ഇസ്ലാം മത വിശ്വാസികളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും,അംഗീകാരമില്ലാതെ പ്രവർത്തിച്ചതു മൂലമാണ് കെട്ടിടം തകർത്തതെന്നു പറഞ്ഞു അക്രമികളെ ന്യായീകരിക്കുകയാണ് പോലീസ് ചെയ്തത്.

അതേസമയം നിയമവിരുദ്ധമായാണ് കെട്ടിടം തകർത്തതെന്നു വിശ്വാസികള്‍ ഒന്നടങ്കം പറയുന്നു. ആക്രമണത്തിനു മുമ്പ് പോലീസിൽ നിന്നും മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലായെന്നും ദേവാലയം ആക്രമിക്കപ്പെട്ട സമയത്തും അവർ യാതൊന്നും ചെയ്തില്ലെന്നും വിശ്വാസികള്‍ വ്യക്തമാക്കി. രേഖകളെല്ലാം ഉടനടി ജില്ലാ അധികൃതർക്ക് കൈമാറുമെന്നും, ദേവാലയം നിർമ്മിക്കാൻ അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാതെ വേറെ വഴിയില്ലെന്നും വിശ്വാസികള്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ടിലൂടെ തീവ്ര ഇസ്ളാമിക ചിന്തയില്‍ വേരൂന്നിയ പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സ്ഥിതി അതീവ മോശകരമാകുകയാണെന്ന്‍ വ്യക്തമാകുകയാണ് .


Related Articles »