Arts - 2025
വരുന്നു ത്രീഡി ചിത്രം 'യേഷ്വാ': പാപ്പയുടെ അനുഗ്രഹം തേടി മലയാള സംവിധായകന്‍
സ്വന്തം ലേഖകന്‍ 09-11-2019 - Saturday
റോം: ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രീഡി ചലച്ചിത്രത്തിന്റെ തിരക്കഥക്കു പാപ്പയുടെ അനുഗ്രഹം തേടി സംവിധായകന്‍ ആന്‍റണി ആല്‍ബര്‍ട്ട്. ചലച്ചിത്രവുമായി ബന്ധപ്പെട്ട് 'ചിനെചിത്ത'യിലെ നിര്‍മ്മാണ ആസൂത്രണ ചര്‍ച്ചകള്‍ക്കായി റോമിലെത്തിയപ്പോഴാണ് മാര്‍പാപ്പയെ നേരില്‍ക്കണ്ടു തിരക്കഥയുടെ പകര്‍പ്പ് സമര്‍പ്പിക്കാനുള്ള ഭാഗ്യം ആന്‍റണി ആല്‍ബര്‍ട്ടിന് ലഭിച്ചത്. തിരക്കഥയുടെ ഉള്ളടക്കത്തെക്കുറിച്ചു മാര്‍പാപ്പയുമായി സംസാരിച്ച അദ്ദേഹത്തിന് പാപ്പ ആശീര്‍വ്വാദം നല്‍കി. പാപ്പ തിരക്കഥയില്‍ കൈയ്യൊപ്പു ചാര്‍ത്തിയെന്നതും ശ്രദ്ധേയമാണ്.
ഇറ്റലിയിലെ വിഖ്യാതമായ “ചിനെചിത്ത” (Cinecittà) – ഫിലിം സിറ്റിയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങളെയും, പരമാവധി പ്രയോജനപ്പെടുത്തി അമേരിക്കന്‍ യൂറോപ്യന്‍ താരങ്ങളെയും ഉള്‍ച്ചേര്‍ത്ത് നിര്‍മ്മാണത്തിലേയ്ക്ക് നീങ്ങാനുള്ള യത്നത്തിലാണ് ആന്‍റണി ആല്‍ബര്‍ട്ട്. യേശുവിന്റെ വേഷം അടക്കമുള്ളവ കൈക്കാര്യം ചെയ്യുവാന്‍ അന്താരാഷ്ട്ര തലത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
രണ്ടു സഹസ്രാബ്ദം അപ്പുറമുള്ള കഥയുടെ ഛായാഗ്രഹണം, വേഷവിതാനങ്ങള്‍, രംഗസംവിധാനം, സംഗീതം എന്നിവയിലും, ഒപ്പം ബൈബിള്‍ പടുക്കളുമായുള്ള വിഷയത്തിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലും താന്‍ വ്യാപൃതനാണെന്ന് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം സന്ദര്‍ശിക്കവെ ആല്‍ബര്‍ട്ട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആന്‍റണി നിര്‍മ്മിച്ച “കണ്ണേ മടങ്ങുക” എന്ന ചലച്ചിത്രം ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിന്നു.
![](/images/close.png)