Arts - 2024

‘ഒരു നല്ല കോട്ടയംകാരൻ’: പി. യു തോമസിന്റെ ജീവിതം ഡിസംബർ ആദ്യവാരം തീയേറ്ററുകളിലേക്ക്

09-11-2019 - Saturday

കോട്ടയം: കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികൾക്ക് സഹായഹസ്തം നീട്ടി പ്രവർത്തിക്കുന്ന ‘നവജീവൻ ട്രസ്റ്റി’ന്റെ സ്ഥാപകൻ പി. യു തോമസിന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘ഒരു നല്ല കോട്ടയംകാരൻ’ ഡിസംബർ ആദ്യവാരം തീയേറ്ററുകളിലെത്തുമെന്നു റിപ്പോര്‍ട്ട്. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതം കുടുംബപശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൈമൺ കുരുവിളയാണ്. ബിനു എസ്. നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് ശ്രീകുമാർ, രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിക്കുന്നു.

റോബിൻസാണ് പി. യു തോമസിന്റെ കഥാപാത്രമായി വേഷമിടുന്നത്. അശോകൻ, ഷാജു, മിനോൺ, ശ്രീജിത്‌വിജയ്, ചാലി പാല, കോട്ടയം പ്രദീപ്, നസീർ സംക്രാന്തി, രഞ്ജിത്, കോട്ടയം പുരുഷൻ, നന്ദകിഷോർ, സൈമൺ കുരുവിള, മനോരഞ്ജൻ, അജയ്കുട്ടി, ദിലീപ് കോട്ടയം, രാജേഷ് ചാലക്കുടി, അഞ്ജലിനായർ, അപർണ നായർ, സ്വപ്‌ന, ഭദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനും മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയും വർഷങ്ങൾക്കുശേഷം ഒരുമിച്ചു പാടുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.


Related Articles »