Life In Christ - 2025

ക്രൈസ്തവര്‍, തിന്മക്കെതിരെ പോരാടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വിപ്ലവകാരികള്‍: കാമറൂണ്‍ കര്‍ദ്ദിനാള്‍ ടുമി

സ്വന്തം ലേഖകന്‍ 11-11-2019 - Monday

യോണ്ഡെ: ഓരോ ക്രൈസ്തവ വിശ്വാസിയും തിന്മക്കെതിരെ പോരാടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വിപ്ലവകാരികളാണെന്ന് കാമറൂണ്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യന്‍ ടുമി. വിവിധ സഭാനേതാക്കള്‍ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ദേശീയ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവേയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ‘നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍’ എന്ന യേശുവിന്റെ വാക്കുകളെ ഉദ്ധരിച്ച അദ്ദേഹം രാഷ്ട്രീയം ലോകത്തിന്റെ ഭാഗമാണെന്നും എവിടെയെല്ലാം മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അവിടെയെല്ലാം സഭയും ഉണ്ടായിരിക്കണമെന്നും പറഞ്ഞു.

രാഷ്ട്രീയത്തേയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സുവിശേഷവത്കരിക്കുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ രാഷ്ട്രീയക്കാര്‍ സത്യം ജനങ്ങളിലേക്ക് നിറയ്ക്കുന്നവരായിരിക്കണം. രാഷ്ട്രീയത്തെ ശുദ്ധീകരിക്കേണ്ടത് ക്രിസ്ത്യാനികളുടെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സന്ദേശത്തില്‍ പ്രൊഫഷണല്‍ സ്കൂളുകളിലെ മത്സരപരീക്ഷകളില്‍ നിന്നും മതപഠനം ഒഴിവാക്കിയ കാമറൂണ്‍ സര്‍ക്കാര്‍ നടപടിയെ കര്‍ദ്ദിനാള്‍ ടുമി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് തങ്ങളോടുള്ള സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മതം അത്ര പ്രധാനപ്പെട്ടതല്ലെന്നാണ് സര്‍ക്കാര്‍ കുട്ടികളോട് പറയുന്നതെന്നും, ഇംഗ്ലണ്ടിലെ ഏറ്റവും ഉന്നതമായ സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നല്‍കുന്ന ഏറ്റവം ഉന്നതമായ ബിരുദം ‘ഡോക്ടര്‍ ഓഫ് ഡിവിനിറ്റി’ (ഡി.ഡി) ആണെന്നും അത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ടുമി ചൂണ്ടിക്കാട്ടി. കാമറൂണ്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് റവ. ഗോഡ്വില്‍ എന്‍കാം, പ്രിസ്ബിറ്റേറിയന്‍ സഭാ മോഡറേറ്റര്‍ റവ. സാമുവല്‍ ഫോങ്കി ഫോര്‍ബ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. കാമറൂണ്‍ സര്‍ക്കാര്‍ സഭയുമായി യുദ്ധത്തിലാണെന്ന കാര്യം പരിപാടിയില്‍ പങ്കെടുത്ത സഭാ പ്രതിനിധികള്‍ ഒറ്റസ്വരത്തില്‍ സമ്മതിച്ചെന്നതും ശ്രദ്ധേയമായി.

More Archives >>

Page 1 of 19