Life In Christ - 2024

ബാരന്‍കിറ്റ്‌സെ: വംശഹത്യയില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ച കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തക

സ്വന്തം ലേഖകന്‍ 09-11-2019 - Saturday

ക്രൂരതയുടേയും, അക്രമത്തിന്റേയും കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ കുപ്രസിദ്ധമായ റുവാണ്ടന്‍ വംശഹത്യയില്‍ നിന്നും ഹുടു ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികളെ സ്വജീവന്‍ പോലും വകവെക്കാതെ രക്ഷിച്ച മാര്‍ഗരിറ്റെ മാഗ്ഗി ബാരന്‍കിറ്റ്‌സെ കത്തോലിക്ക വനിത വിശ്വാസത്തിന്റേയും, ധീരതയുടേയും പര്യായമായി മാറുന്നു. റൂയിഗി രൂപതയിലെ മെത്രാന്റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്യവേ, ബിഷപ്പിന്റെ അരമന ആക്രമിച്ച ആയുധധാരികളായ ടുട്സി ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നുമാണ് ഹുടു ഗോത്രത്തില്‍പ്പെട്ട നിഷ്കളങ്കരായ ഇരുപത്തിയഞ്ചോളം കുട്ടികളെ ബാരന്‍കിറ്റ്‌സെ രക്ഷപ്പെടുത്തിയത്. ക്രൂരമായി മര്‍ദ്ദനമേറ്റിട്ടും കണ്‍മുന്നില്‍വെച്ച് കുട്ടികളുടെ മാതാപിതാക്കളെ ക്രൂരമായി കൊന്നിട്ടുപ്പോലും ഏഴു കുട്ടികളുടെ അമ്മയും, കത്തോലിക്കയുമായ ബാരന്‍കിറ്റ്‌സെ കുട്ടികളെ കാണിച്ചുകൊടുക്കുവാന്‍ തയ്യാറായില്ല.

തന്റെ കത്തോലിക്കാ വിശ്വാസമാണ് ഇതിന് തന്നെ പ്രാപ്തയാക്കിയതെന്നാണ് ബാരന്‍കിറ്റ്‌സെ പറയുന്നത്. റുവാണ്ടയില്‍ ടുട്സികളെ കൊന്നൊടുക്കുന്നതിന്റെ പ്രതികാരമായി ബുറുണ്ടിയിലെ ഹുടുക്കളെ ടുട്സികള്‍ ആക്രമിക്കുവാന്‍ തുടങ്ങിയതാണ് സംഘര്‍ഷം വര്‍ദ്ധിപ്പിച്ചത്. 1993 ഒക്ടോബര്‍ 24-ന് റൂയിജി രൂപതയിലെ മെത്രാന്റെ അരമനയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഹുടുക്കളെ കൊല്ലുവാനായിട്ടാണ് ആയുധധാരികളായ ടുട്സികള്‍ അരമന ആക്രമിച്ചത്. ഇവരുടെ കണ്ണില്‍പ്പെടാതെ കുട്ടികളെ ബാരന്‍കിറ്റ്‌സെ ഒളിപ്പിക്കുകയായിരുന്നു. “എല്ലാവരേയും രക്ഷിക്കുവാനായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എന്റെ മുന്നില്‍ വെച്ചുതന്നെ 72 പേരെ അവര്‍ കൊലപ്പെടുത്തി” ബാരന്‍കിറ്റ്‌സെ പറയുന്നു. താനൊരു ക്രിസ്ത്യാനി അല്ലായിരുന്നെങ്കില്‍ തനിക്കിത് സാധ്യമാകില്ലായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അനാഥരായ കുട്ടികള്‍ക്കായി അവള്‍ തുടങ്ങിവെച്ച ‘മെയിസണ്‍ ശാലോം’ എന്ന അഭയകേന്ദ്രം ഗോത്ര-വര്‍ഗ്ഗ വ്യത്യാസമില്ലാതെ സകല ഗോത്രങ്ങളില്‍ നിന്നുള്ള അനാഥരായ കുട്ടികളുടെ അഭയകേന്ദ്രമായി ഇന്നു മാറിയിരിക്കുകയാണ്. വെറുമൊരു അനാഥാലയം എന്നതിന് അപ്പുറം വിദ്യാഭ്യാസം പോലെയുള്ള സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ‘മെയിസണ്‍ ശാലോം’. വംശഹത്യക്ക് ശേഷം ടുട്സികളും ഹുടുക്കളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഏക സ്ഥലവും ഇതുതന്നെയാണ്. ബുറുണ്ടി പ്രസിഡന്റിനെതിരായ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിന്റെ പേരില്‍ റുവാണ്ടയിലേക്ക് നാടുവിടേണ്ടി വന്ന ബാരന്‍കിറ്റ്‌സെ റുവാണ്ടയിലും മെയിസണ്‍ ശാലോമിന്റെ ഒരു ശാഖ ആരംഭിച്ചിരിന്നു. 2016-ലെ ‘ഓറോറെ’ അവാര്‍ഡ് ലഭിച്ചത് അവര്‍ക്കായിരിന്നു. റുവാണ്ടന്‍ വംശഹത്യയില്‍ ഏതാണ്ട് 10 ലക്ഷത്തോളം ടുട്സികളാണ് കൊലചെയ്യപ്പെട്ടത്.

More Archives >>

Page 1 of 19