Life In Christ - 2024

ബ്രദര്‍ പീറ്റർ തബിച്ചി ഐക്യരാഷ്ട്ര സഭയുടെ 'പേഴ്സൺ ഓഫ് ദി ഇയർ'

സ്വന്തം ലേഖകന്‍ 04-11-2019 - Monday

നെയ്റോബി: ലോകത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഫ്രാൻസിസ്കൻ സഭാംഗമായ ബ്രദർ പീറ്റർ തബിച്ചിയെ തേടി ഐക്യരാഷ്ട്രസഭയുടെ പുരസ്കാരവും. യുഎന്നിന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാര്‍ഡാണ് ഒക്ടോബര്‍ അവസാന വാരത്തില്‍ അദ്ദേഹത്തിനു സമ്മാനിച്ചിരിക്കുന്നത്. പതിനായിരത്തോളം നാമനിർദേശങ്ങളിൽ നിന്നാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ പേഴ്സൺ ഓഫ് ദി ഇയറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് പീറ്റർ തബിച്ചി. അവാര്‍ഡ് തുകയായ 10 ലക്ഷം ഡോളർ, പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ സഹപ്രവർത്തകരും കുട്ടികളും സമൂഹവുമാണ് ഒരു അധ്യാപകനെന്ന നിലയിൽ തന്റെ വിജയത്തിനു പിന്നിലെന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന അവാർഡുദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിന്റെ അഭാവം ആഫ്രിക്കയിലെ സ്ത്രീകൾക്കുണ്ടെന്ന് പീറ്റർ തബിച്ചി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ മറ്റുള്ളവരുമായി ബന്ധപ്പെടാനുളള കഴിവ് പകർന്ന് നൽകുകയെന്നതും, ആളുകളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അവരെ സഹായിക്കുകയെന്നതുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെന്നും ബ്രദർ തബിച്ചി പറഞ്ഞു.

വിശുദ്ധ ഫ്രാൻസിസ് അസീസി പതിമൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമാണ് ബ്രദർ തബിച്ചി. കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ്‌ ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായത്. തന്റെ ശമ്പളത്തിന്റെ എണ്‍പത് ശതമാനവും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബ്രദർ തബിച്ചിയുടെ നിസ്തുലമായ സേവനത്തെ ആദരിച്ചു ആഗോളതലത്തിലെ മികച്ച അധ്യാപകനുള്ള സണ്ണി വര്‍ക്കി ഫൌണ്ടേഷന്റെ പുരസ്കാരം സമ്മാനിച്ചിരിന്നു.

Posted by Pravachaka Sabdam on 

Related Articles »