Life In Christ - 2025

കാൻസർ രോഗിക്ക് മജ്ജ നൽകി അമേരിക്കൻ ബിഷപ്പിന്റെ ക്രിസ്തീയ സാക്ഷ്യം

സ്വന്തം ലേഖകന്‍ 12-11-2019 - Tuesday

ടെക്സാസ്: കാൻസർ ബാധിച്ച് പ്രതീക്ഷ നഷ്ട്ടപ്പെട്ട സ്ത്രീക്ക് പുതുജീവിതത്തിലേക്ക് വഴി തുറന്ന്‍ കത്തോലിക്ക മെത്രാന്‍. ടെക്സാസിലെ കോർപ്പസ് ക്രിസ്റ്റി മെത്രാനായ മൈക്കിൾ മുൾവിയാണ് രോഗ ബാധിതയ്ക്ക് വേണ്ടി മജ്ജ നല്‍കിയത്. മെത്രാനായി നിയമിക്കപ്പെടുന്നതിനു മുന്‍പ് തന്നെ നാഷ്ണൽ മാരോ ഡോണർ പ്രോഗ്രാമിന് കീഴിൽ പ്രവർത്തിക്കുന്ന ബി ദി മാച്ച് രജിസ്ട്രിയിൽ അദ്ദേഹം പേര് ചേർത്ത് അംഗത്വമെടുത്തിരുന്നു. 2004ൽ ഓസ്റ്റിൻ രൂപതയുടെ വൈദികനായി ശുശ്രൂഷ ചെയ്യുമ്പോഴാണ് അദ്ദേഹം ബി ദി മാച്ച് രജിസ്ട്രിയിൽ പേര് ചേർക്കുന്നത്. രക്താര്‍ബുദം ബാധിച്ച സ്ത്രീക്ക് ബിഷപ്പ് മൈക്കിൾ മുൾവിയുടെ മജ്ജ ഉപയോഗപ്പെടുമെന്നായപ്പോൾ തന്റെ എഴുപതാമത്തെ വയസ്സിൽ മജ്ജ നൽകാനായി അദ്ദേഹം സന്നദ്ധത ആവര്‍ത്തിക്കുകയായിരിന്നു.

പ്രായത്തെ അവഗണിച്ച് ശസ്ത്രക്രിയക്ക് വേണ്ടി 140 മൈലുകള്‍ താണ്ടി സാൻ അന്തോണിയോ വരെ അദ്ദേഹം യാത്ര ചെയ്തെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. മജ്ജ നൽകാൻ സാധിച്ചത് ഒരു ദാനത്തെക്കാൾ ഉപരിയായി ആത്മീയതയെ പുൽകാൻ കിട്ടിയ അവസരമായാണ് അദ്ദേഹം നോക്കിക്കാണുന്നത്. ദാനമായി നിങ്ങൾക്ക് കിട്ടി, ദാനമായി തന്നെ കൊടുക്കുവിനെന്ന സുവിശേഷ ഭാഗം ഓർമിപ്പിച്ച ബിഷപ്പ് മൈക്കിൾ മുൾവി, രോഗ ബാധിതയായ അമ്മയെയും, അവരുടെ കുടുംബത്തെയും സഹായിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു.


Related Articles »