India - 2024

ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കണം: സി‌ബി‌സി‌ഐ നിവേദനം സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 14-11-2019 - Thursday

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ക്കു രൂപംനല്‍കാനുമായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യനാണ് നിവേദനം കൈമാറിയത്.

കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും നടത്തിപ്പിനായുള്ള സമിതികളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് വിവേചനമാണ് നിരന്തരം കാണിക്കുന്നത്. കേരളത്തിലെ 80:20 അനുപാതം പോലും ഒരു പഠനവുമില്ലാതെ നടപ്പാക്കിയതാണെന്നാണ് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നത്. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ക്രൈസ്തവ നീതിനിഷേധമാണ് വ്യക്തമാക്കുന്നത്.

മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കാനും ക്ഷേമപദ്ധതികള്‍ രൂപീകരിക്കാനും പഠനസമിതിയെ നിയമിക്കണമെന്ന് വി.സി. സെബാസ്റ്റ്യന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ലെയ്റ്റി കൗണ്സികല്‍ നടത്തിയ പഠനറിപ്പോര്‍ട്ടും സര്‍വേകളുടെ വിശദാംശങ്ങളും ദേശീയ ന്യൂനപക്ഷ കമ്മീഷനു കൈമാറി.


Related Articles »