India
മറിയം ത്രേസ്യയുടെ ദീപ്ത സ്മരണയില്‍ കുഴിക്കാട്ടുശേരിയിലെത്തിയത് പതിനായിരങ്ങള്‍
17-11-2019 - Sunday
കുഴിക്കാട്ടുശേരി (മാള): പതിറ്റാണ്ടുകള്‍ നീണ്ട സുകൃതജീവിതത്തിലൂടെ ഒരു ദേശത്തിന്റെ മുഴുവന്‍ ഹൃദയത്തില്‍ സ്‌നേഹക്കൂടൊരുക്കിയ മറിയം ത്രേസ്യയുടെ ദീപ്തസ്മരണകളോടെ കബറിട ദേവാലയാങ്കണത്തില്‍ കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും വിശ്വാസിസഹസ്രങ്ങള്‍. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ദേശീയതല കൃതജ്ഞതാഘോഷത്തിനു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനെയും കര്‍ദ്ദിനാള്‍മാരെയും ബിഷപ്പുമാരെയും വൈദികസന്യസ്തരെയും വിശ്വാസികളെയും ഇന്നലെ കുഴിക്കാട്ടുശേരി വരവേറ്റു.
കൃതജ്ഞതാബലിക്കു മുന്നോടിയായുള്ള പ്രദക്ഷിണം രണ്ടുമണിയോടെ ആരംഭിച്ചു.
കര്‍ദ്ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും 30 മെത്രാന്മാരും 300 വൈദികരും മറിയം ത്രേസ്യ നഗറിലെ പ്രധാന ബലിപീഠത്തിലേക്കു പ്രദക്ഷിണമായി നീങ്ങി. ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ കൈമാറിയ തിരുശേഷിപ്പ് പേടകം തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശുദ്ധയുടെ തിരുസ്വരൂപത്തിനരികില്‍ തയാറാക്കിയ പീഠത്തില്‍ സ്ഥാപിച്ചു. ദിവ്യബലിക്കു മുന്നോടിയായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതമാശംസിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാബലിക്ക് മുഖ്യകാര്‍മികനായി.
സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് പാനികുളം എന്നിവരോടു ചേര്ന്ന് ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരുമായി 30 പേര്‍ സഹകാര്‍മികത്വം വഹിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാര്‍ഥനകളും ഗീതങ്ങളും ഉണ്ടായിരുന്നു. വചനവായനകളും ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായിരുന്നു.
സ്‌നേഹവിരുന്നിനുശേഷം നടന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ ഭവനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തുന്ന അഞ്ചുകോടി രൂപയുടെ കാരുണ്യ പദ്ധതികള്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ വിശദീകരിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ കാരുണ്യ പദ്ധതികളുടെയും ആതുര ശുശ്രൂഷാ സഹായപദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനികുളം ഹോളി ഫാമിലി കമ്യൂണിക്കേഷന്‍സ് തയാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതത്തിന്റെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ഡോ. ജാംബത്തിസ്ത ദിക്വാത്രോയെ പ്രതിനിധീകരിച്ച് മോണ്‍. മിത്യാലെസ്‌കോവര്‍, വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ പ്രതിനിധി ഫാ. കിം ഡിസൂസ എന്നിവര്‍ സന്ദേശം നല്‍കി. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ വിശുദ്ധ മറിയം ത്രേസ്യയുടെ ഛായാചിത്രം അടങ്ങുന്ന സ്റ്റാമ്പ് പുറത്തിറക്കി. ബെന്നി ബഹനാന്‍ എംപി വിവാഹസഹായ പദ്ധതിയും ഇരിങ്ങാലക്കുട രൂപതയുടെ കാരുണ്യ പദ്ധതികള്‍ ടി.എന്‍. പ്രതാപന്‍ എംപിയും ഉദ്ഘാടനം ചെയ്തു.
