Life In Christ - 2025
തെരുവിൽ കഴിയുന്നവരിലേക്ക് എത്താന്‍ 'കരുണയുടെ ബസ്സ്' പദ്ധതി വ്യാപിപ്പിച്ച് റഷ്യൻ സഭ
സ്വന്തം ലേഖകന്‍ 22-11-2019 - Friday
മോസ്കോ: തെരുവിൽ കഴിയുന്ന ആളുകൾക്ക് മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി നവംബർ ഇരുപത്തിനാലാം തീയതി റഷ്യൻ ഓർത്തഡോക്സ് സഭയുടെ 'കരുണയുടെ ബസ്സ്' സെന്റ് പീറ്റേഴ്സ് ബർഗിന്റെ നിരത്തിലിറങ്ങും. സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രോസ്പക്റ്റ് പിസാറേവ്സ്കിഞ്ചിൽ സ്ഥിതിചെയ്യുന്ന മംഗളവാർത്തയുടെ ദേവാലയത്തിലാണ് വെഞ്ചിരിപ്പ് കർമ്മങ്ങൾ നടക്കുക. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം വരെ കരുണയുടെ ബസ്സ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തും. ഭാവിയിൽ ആഴ്ചയിലെ മറ്റുള്ള ദിവസങ്ങളിലും ബസ്സിന്റെ സേവനം ലഭ്യമാക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ സ്വമനസ്സാലെ എത്തുന്ന ഡോക്ടർമാരുടയും, നഴ്സുമാരുടെയും സേവനം ബസ്സിൽ നിന്നും ലഭിക്കും. ഹോസ്പിറ്റൽ ഓഫ് ചാരിറ്റിയിലെ അംഗങ്ങളും, കൊയ്നോണിയ എന്ന സംഘടനയും സഹായവുമായി രംഗത്തുണ്ട്. വിവിധതരം മെഡിക്കൽ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങള്‍ ആളുകൾക്ക് ബസ്സിനുള്ളിൽ ലഭ്യമാകും. റഷ്യൻ ഓർത്തഡോസ് സഭയുടെ നേതൃത്വത്തിൽ 12 കരുണയുടെ ബസ്സുകൾ റഷ്യയുടെ വിവിധ നഗരങ്ങളിലെ നിരത്തുകളിലൂടെ ഓടുന്നുണ്ട്. ഇത് കൂടാതെ പാവപ്പെട്ടവർക്കായി അനേകം ജീവകാരുണ്യ കേന്ദ്രങ്ങളും സഭ നടത്തുന്നുണ്ട്.