Arts - 2024

പൗരാണിക കാലത്തെ വിശുദ്ധ നാട് സന്ദര്‍ശനം സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ 22-11-2019 - Friday

ജെറുസലേം: വിശുദ്ധ നാടിലേക്കുള്ള ക്രിസ്തീയ തീര്‍ത്ഥാടന പാരമ്പര്യത്തെ സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇസ്രയേലി പുരാവസ്തു ഗവേഷകര്‍. ഖനനത്തിലൂടെ കണ്ടെത്തിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ രണ്ട് ദേവാലയ സമുച്ചയങ്ങളില്‍ നിന്നും വിശുദ്ധ നാടിലേക്കുള്ള ക്രിസ്തീയ തീര്‍ത്ഥാടന പാരമ്പര്യത്തെ സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശീയരേക്കാള്‍ കൂടുതലായി തദ്ദേശീയരായിരുന്നു വിശുദ്ധ നാട്ടിലേക്ക്‌ തീര്‍ത്ഥാടനം നടത്തിയിരുന്നതെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയുടെ ഉദ്ഘനനത്തില്‍ കണ്ടെത്തിയ ദേവാലയാവശിഷ്ടങ്ങളില്‍ പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഒരു രക്തസാക്ഷിക്കും, വിശുദ്ധ സ്നാപക യോഹന്നാന്റെ പിതാവായ സക്കറിയാക്കുമായി സമര്‍പ്പിക്കപ്പെട്ടിരുന്ന രണ്ട് ദേവാലയങ്ങളുടെ അവശിഷ്ടങ്ങളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നത്തെപ്പോലെ തന്നെ ബൈസന്റൈന്‍ കാലഘട്ടത്തിലും പ്രാദേശിക തീര്‍ത്ഥാടനം പ്രധാനമായിരുന്നുവെന്നും, പ്രദേശവാസികളും വിശുദ്ധ നാട് സന്ദര്‍ശിക്കുകയും വണങ്ങുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഈ കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതാണെന്നും സ്റ്റുഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്ക്കാനത്തിലെ പുരാവസ്തു പ്രൊഫസ്സറും, ഫ്രാന്‍സിസ്കന്‍ സഭാംഗവുമായ ഫാ. യൂജെനിയോ അല്ലിയാറ്റ പറഞ്ഞു. ഇസ്രായേലിലുടനീളം ബൈസന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ ദേവാലയാവശിഷ്ടങ്ങള്‍ കാണുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെറുസലേമിന് പുറത്ത് ഇസ്രായേല്‍ നഗരമായ ബെയിറ്റ് ഷെമേഷിന് സമീപം കണ്ടെത്തിയ ആദ്യ ദേവാലയത്തിന്റെ (ഗ്ലോറിയസ് മാര്‍ട്ടിയേഴ്സ് ദേവാലയം) മൊസൈക്ക് തറയില്‍ രേഖപ്പെടുത്തിയിട്ടുള്ള പത്തു വരികളുള്ള ലിഖിതത്തില്‍ പറയുന്നത് ഈ ദേവാലയം മഹത്വപൂര്‍ണ്ണനായ ഒരു രക്തസാക്ഷിക്കായി സമര്‍പ്പിച്ചിരിക്കുന്നുവെന്നാണ്. രക്തസാക്ഷി ആരാണെന്നറിയില്ലെങ്കിലും ദേവാലയത്തിന്റെ ആഡംബരപൂര്‍ണ്ണമായ നിര്‍മ്മാണത്തില്‍ നിന്നും വ്യക്തമാവുന്നത് പുരാതന ക്രിസ്ത്യന്‍ സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്നൊരു വ്യക്തിത്വമായിരുന്നെന്നാണ് ബെയിറ്റ് ഷെമേഷ് ഗവേഷണ പദ്ധതിയുടെ ഡയറക്ടറായ ബെഞ്ചമിന്‍ സ്റ്റോര്‍ച്ചാന്‍ പറയുന്നത്.

ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിന് സമാനമായ ഗ്ലോറിയസ് മാര്‍ട്ടിയേഴ്സ് ദേവാലയത്തിലെ വലിയ നടപ്പാതകള്‍ ഒരുകാലത്ത് ഇവിടം ധാരാളം തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ചിരുന്നിടമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെയിറ്റ് ഷെമേഷിലെ ഖിര്‍ബെറ്റ് മിദ്രാസില്‍ നിന്നും കണ്ടെത്തിയ ദേവാലയം വിശുദ്ധ സ്നാപകയോഹന്നാന്റെ പിതാവായ സക്കറിയാക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ്. ബൈസന്റൈന്‍ കാലഘട്ടത്തിലെ ഗ്രീക്ക് സഭാ ചരിത്രകാരനായ സൊസോമെന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ദേവാലയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള കാര്യം ഫാ. അല്ലിയാറ്റ ചൂണ്ടിക്കാട്ടി. വെസ്റ്റ്‌ ബാങ്കിലെ റാമള്ളാക്ക് സമീപം ഖിര്‍ബെറ്റ് എറ്റ്-തിരെയില്‍ പലസ്തീന്‍ പുരാവസ്തു ഗവേഷണ വിഭാഗം നടത്തിയ ഉദ്ഘനനത്തിലും രണ്ട് പുരാതന ദേവാലയങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു.


Related Articles »