Life In Christ - 2025
'ആക്ഷൻ ബൈബിൾ': അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപികയുടെ ബൈബിൾ വിപ്ലവം
സ്വന്തം ലേഖകന്‍ 23-11-2019 - Saturday
വിർജീനിയ: പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ ബൈബിൾ ലഭ്യമാക്കി ഒരു വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ അധ്യാപികയായ ഹന്ന സെയിൽസ്ബറി. രാജ്യത്തെ സ്കൂളുകളിലെ ലൈബ്രറികളിൽ ബൈബിൾ ലഭ്യമാക്കാൻ സെയിൽസ്ബറി തുടങ്ങിയ 'ആക്ഷൻ ബൈബിൾ' എന്ന പദ്ധതിയാണ് ഇപ്പോൾ ജന ശ്രദ്ധയാകർഷിക്കുന്നത്. ബൈബിൾ കഥകൾ ഉൾപ്പെടുത്തി ആക്ഷൻ ബൈബിൾ ഒരു നോവൽ പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ ലൈബ്രറികളിലേക്ക് സംഭാവന നൽകാനുളള പ്രചോദനം ദൈവമാണ് തന്റെ ഹൃദയത്തിൽ തോന്നിപ്പിച്ചതെന്ന് ഹന്ന സെയിൽസ്ബറി പറയുന്നു.
സ്കൂളിന്റെ ചുറ്റും നടന്ന് സെയിൽസ്ബറി അധ്യാപകർക്കും, കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം യേശുവിന്റെ നാമം ക്ലാസ് റൂമുകളിലും സ്കൂൾ വരാന്തകളിലും ഉച്ചരിക്കപെടണമെന്ന ആഗ്രഹം അവളിൽ ഉളവായി. ഏതാനും നാളുകൾക്കുള്ളിൽ തന്നെ സെയിൽസ്ബറി ബൈബിൾസ് ഇൻ സ്കൂൾസ് എന്ന സംഘടന അത്ഭുതകരമായി സ്ഥാപിച്ചു. ചിത്രങ്ങളെല്ലാം ഉൾപ്പെടുത്തി കുട്ടികൾക്ക് ആകർഷകമായ രീതിയിലുളള ബൈബിളുകളാണ് അവർ ലൈബ്രറികളിലേക്ക് നൽകിയത്. പിന്നീടിത് വിർജീനിയയിലെ 18 കൗണ്ടികളിലേക്കും, അമേരിക്കയിലെ ഏഴു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.
പൊതു വിദ്യാലയങ്ങളിലേക്ക് ലഭിക്കുന്ന സംഭാവനകൾ, അത് ബൈബിളായാലും, സ്വീകരിക്കാൻ ലൈബ്രേറിയന് കടമയുണ്ടെന്നും, അതിനാൽ ബൈബിൾ സംഭാവനയായി നൽകുന്നത് നിയമവിരുദ്ധമല്ലെന്നും സെയിൽസ്ബറി പറയുന്നു. ബൈബിൾ ലൈബ്രറി ഷെൽഫുകളിൽ വയ്ക്കണമോ, വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ലൈബ്രറി ചുമതലയുള്ളവരാണ്. ഇവിടെയാണ് പ്രാർത്ഥനയുടെ പ്രസക്തിയെന്നും സെയിൽസ്ബറി പറയുന്നു. അതേസമയം ഹന്ന സെയിൽസ്ബറിയുടെ ബൈബിൾ വിപ്ലവത്തിന് വലിയ സ്വീകാര്യതയാണ് അധ്യാപകരുടെയും, കുട്ടികളുടെയും ഇടയിൽ നിന്നും ലഭിക്കുന്നത്.