News

പതിറ്റാണ്ടുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഈജിപ്തിലെ ക്രൈസ്തവ സമൂഹത്തിൽ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ 23-11-2019 - Saturday

കെയ്റോ: ഭീകരാക്രമണ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദശാബ്ദങ്ങളായി മതപീഡനത്തിനു ഇരയായി കൊണ്ടിരുന്ന ഈജിപ്തിലെ ക്രൈസ്തവരുടെ അവസ്ഥ മുന്‍പത്തേതിലും മെച്ചപ്പെട്ടിട്ടുണ്ടെന്ന് കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തൽ. കോപ്റ്റിക് കത്തോലിക്ക ബിഷപ്പായ കിറില്ലോസ് വില്ല്യം അസ്സിയുട്ട് കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) നോട് സംസാരിക്കവേയാണ് ഈജിപ്തിലെ ക്രൈസ്തവരെ സംബന്ധിച്ച തന്റെ ശുഭപ്രതീക്ഷകള്‍ പങ്കുവെച്ചത്. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസി മുഴുവന്‍ ജനതയുടേയും പ്രസിഡന്റാണെന്നും, ക്രൈസ്തവരോട് അദ്ദേഹത്തിന് നല്ല മനോഭാവമാണുള്ളതെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതില്‍ ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതായും മെത്രാന്‍ പറഞ്ഞു.

1952 മുതല്‍ ക്രിസ്ത്യാനികളെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന ഒരു മനോഭാവം നിലവിലുണ്ട്. ഇപ്പോള്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇനിയും കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായുള്ള ദേവാലയ നിര്‍മ്മാണത്തിലുള്ള സങ്കീർണ്ണത ലഘൂകരിക്കപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണാനുമതിക്കായി ഇപ്പോള്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അതേസമയം തീവ്രഇസ്ലാമിക വാദം ഇപ്പോഴും ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്നും മെത്രാന്‍ പറയുന്നു.

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഈജിപ്ത്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമാക്കി മാറ്റുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ക്രൈസ്തവർ മാത്രമല്ല സര്‍ക്കാരും അവരുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കുകയാണ് അവരുടെ ലക്‌ഷ്യം. ഈജിപ്തിലെ ജനത ഒറ്റക്കെട്ടായതിനാല്‍ അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരെ അവരുടെ മാതൃരാജ്യങ്ങളില്‍ നിലനിര്‍ത്തുവാന്‍ എ.സി.എന്‍ നല്‍കിയ സംഭാവനകള്‍ക്കും, സഹായങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് ബിഷപ്പ് കിറില്ലോസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.


Related Articles »