India - 2024

യാക്കോബായ സഭാ സമരം ചര്‍ച്ച് ആക്ടുമായി ബന്ധിപ്പിക്കാനുള്ള ശ്രമം അപഹാസ്യം: കെസിബിസി

26-11-2019 - Tuesday

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യാക്കോബായ സഭയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണം എന്നാവശ്യപ്പെട്ട് 27 ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചും സമ്മേളനവും ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണെന്ന മട്ടില്‍ ചില സഭാവിരുദ്ധകേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്ക്കുന്ന വിശ്വാസപരവും അജപാലനപരവുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം ചര്‍ച്ച് ആക്ട് നടപ്പാക്കി എല്ലാ ക്രിസ്തീയ വിഭാഗങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്നതല്ല. സഭയുടെ ഹയരാര്‍ക്കിയും കെട്ടുറപ്പും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ രുപം കൊടുത്തിട്ടുള്ള ചര്‍ച്ച് ബില്‍ നിയമമാക്കണമെന്നത് ചില സഭാവിരുദ്ധ കേന്ദ്രങ്ങളുടെ നിലപാടാണ്.

ഇതില്‍ വീഴാതിരിക്കാന്‍ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും കെസിബിസി ആഹ്വാനം ചെയ്തു. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ ഒരു നിയമവുമില്ല എന്ന പ്രചരണം തെറ്റാണ്. സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട സഭാധികാരികളെയോ, സിവില്‍ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍തന്നെ നിലവിലുണ്ട്. അക്കാരണത്താല്‍, സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂര്‍വമായും കൈകാര്യം ചെയ്യുന്നതിനും, ദുരുപയോഗമോ, ദുര്‍ഭരണമോ ഉണ്ടായാല്‍ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയനിയമം വേണം എന്ന വാദം അടിസ്ഥാനരഹിതമാണ്.

ഹിന്ദു, മുസ്ലിം, സിക്ക് തുടങ്ങിയ സമുദായങ്ങളുടെ സ്വത്തുക്കള്‍ പ്രത്യേക നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്‌പോള്‍ ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ നിയമില്ലാത്തത് വിവേചനപരമാണെന്ന ആക്ഷേപം ശരിയല്ല. വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല െ്രെകസ്തവസഭകളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നിലവിലുള്ളത്. ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സുതാര്യവും നീതിപൂര്‍വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവില്‍നിയമങ്ങളും ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

അക്കാരണത്താല്‍ െ്രെകസ്തവ സഭകളുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിനും നിയന്ത്രണത്തിനും വഖഫ്, ദേവസ്വം ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങളും തത്തുല്യമായ പുതിയ നിയമങ്ങളും അപ്രസക്തവുമാകുന്നു. അതിനാല്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന സഭാവിരുദ്ധ കേന്ദ്രങ്ങളിലൂടെ നിലപാടും യാക്കോബായ സഭയില്‍ ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന ആവശ്യവും ഒന്നാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും കെസിബിസി വ്യക്തമാക്കി.


Related Articles »