News - 2024

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്: യൂറോപ്പില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തില്‍ വന്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 26-11-2019 - Tuesday

റോം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ ഉടനീളം ക്രിസ്തീയ ദേവാലയങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും, സെമിത്തേരികള്‍ക്കും നേര്‍ക്കുണ്ടായ ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടെന്നുള്ള വെളിപ്പെടുത്തലുമായി പുതിയ റിപ്പോര്‍ട്ട്. യൂറോപ്പിലെ ക്രൈസ്തവര്‍ക്കെതിരായ അസഹിഷ്ണുതയും, വിവേചനവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓസ്ട്രിയായിലെ വിയന്ന ആസ്ഥാനമായുള്ള ‘ദി ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' എന്ന നിരീക്ഷക സംഘടനയുടെ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യൂറോപ്യന്‍ രാഷ്ടങ്ങള്‍ അടിയന്തിരമായി ശ്രദ്ധപതിപ്പിക്കേണ്ട വസ്തുത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന അസഹിഷ്ണുതാപരവും വിവേചനപരവുമായ മുന്നൂറ്റിഇരുപത്തിയഞ്ചിലധികം സംഭവങ്ങളെക്കുറിച്ചുള്ള ലഘുവിവരണമാണ് 64 പേജുള്ള ഈ റിപ്പോര്‍ട്ടിലുള്ളത്. ഇത് വളരെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയമാണെന്നും, ഇക്കാര്യത്തില്‍ അടിയന്തിര പൊതുപ്രതികരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഇറാന്‍ സ്വദേശി യുകെയില്‍ അഭയത്തിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച സംഭവം ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ആദ്യം ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക കണക്കനുസരിച്ച് 1063 ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നത്. 2008-2018 കാലയളവില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും വിശുദ്ധ സ്ഥലങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളില്‍ 250% ത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടതിനും, തെരുവ് പ്രഭാഷകര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനും, കാമ്പസ്സുകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകളും പ്രാസംഗികരും നിശബ്ദമാക്കപ്പെട്ടതിനും, ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ കുടിയേറ്റ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനും, ഈ വര്‍ഷം നമ്മള്‍ സാക്ഷ്യംവഹിച്ചുവെന്ന് നിരീക്ഷക സംഘടനയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ എല്ലെന്‍ ഫാന്റിനി പറഞ്ഞു.


Related Articles »