News - 2024

കത്തോലിക്ക സന്നദ്ധ സംഘടനക്ക് സഹായവുമായി ആമസോണ്‍ തലവന്‍

സ്വന്തം ലേഖകന്‍ 27-11-2019 - Wednesday

ആങ്കറേജ്: അലാസ്കയിലെ കത്തോലിക്ക സന്നദ്ധ സംഘടനക്ക് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ്‌ കമ്പനിയായ ആമോസണിന്റെ സി.ഇ.ഒ യും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ സാമ്പത്തിക സഹായം. ബെസോസിന്റെ ‘ഡേ 1 ഫാമിലി ഫണ്ട്’ നല്‍കുന്ന 50 ലക്ഷം ഡോളര്‍ ഉപയോഗിച്ച് ഭവനരഹിതരായ 300 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ആങ്കറേജിലെ കാത്തലിക് സോഷ്യല്‍ സര്‍വീസസ് എന്ന ചാരിറ്റി സംഘടനയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി കാത്തലിക് സോഷ്യല്‍ സര്‍വീസസ് ഉള്‍പ്പെടെ മുപ്പത്തിരണ്ടോളം സംഘടനകള്‍ക്കാണ് ഡേ 1 ഫാമിലി ഫണ്ടിന്റെ സഹായം ലഭിക്കുന്നത്.

ഭവനരഹിതരായ കുടുംബങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുന്നതിനു മുന്‍പ് അവരെ സഹായിക്കുന്നതിനുള്ള പൈലറ്റ്‌ പ്രോഗ്രാം ആരംഭിക്കുന്നതിനു ഈ ഗ്രാന്റ് ഉപയോഗിക്കുമെന്ന് കത്തോലിക് സോഷ്യല്‍ സര്‍വീസസിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ലിസ അക്വിനോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഭവനരഹിതരായ കുടുംബങ്ങളെ സ്ഥിരതയിലേക്ക് നയിക്കുവാന്‍ കത്തോലിക് സോഷ്യല്‍ സര്‍വീസസ് ഓരോ ദിവസവും നടത്തുന്ന പ്രവര്‍ത്തനങ്ങളെ വ്യാപിക്കുന്നതിനും അതുവഴി സമൂഹത്തിന് നന്മയുണ്ടാക്കുന്നതിനും ഗ്രാന്റ് വഴി കഴിയുമെന്നും, ഇതുവരെ ആങ്കറേജിലെ 92 കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കി നല്‍കുവാന്‍ സംഘടനക്ക് കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പാര്‍പ്പിടമില്ലായ്മ പരിഹരിക്കുന്നതിനായി 200 കോടി ഡോളറിന്റെ ഫണ്ടുമായി 2018-ലാണ് ജെഫ് ബെസോസും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും ഭവനരഹിതരായവരെ സഹായിക്കുന്ന സംഘടനകള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ട് വിഭാഗങ്ങളിലൊന്ന്‍ പാര്‍പ്പിടമില്ലായ്മയിലും, രണ്ടാമത്തേത് പിന്നോക്ക സമൂഹങ്ങളില്‍ പ്രീ സ്കൂളുകള്‍ സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ചയും സ്പോകാനെയിലെ ഭവനരഹിതര്‍ക്കായി വീട് നിര്‍മ്മിക്കുവാന്‍ 50 ലക്ഷം ഡോളര്‍ നല്‍കുമെന്ന് ബെസോസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം കിഴക്കന്‍ വാഷിംഗ്‌ടണിലെ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ക്കും ബെസോസ് സാമ്പത്തിക സഹായം ചെയ്യുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Related Articles »