India - 2020

അസീസ്സി സ്‌പെഷല്‍ സ്‌കൂളിനെതിരേ വ്യാജ പ്രചരണം: സത്യം തുറന്നുക്കാട്ടി സോഷ്യല്‍ മീഡിയ

സിജോ പൈനാടത്ത് 29-11-2019 - Friday

കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന സ്‌പെഷല്‍ സ്‌കൂളിനെതിരേ ഫേസ്ബുക്കിലൂടെ യുവാവ് നടത്തിയ വീഡിയോ പ്രചാരണം വ്യാജമെന്നു തെളിഞ്ഞു. ചേര്‍ത്തല പാണാവള്ളിയിലെ അസീസ്സി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആന്‍ഡ് സ്‌പെഷല്‍ സ്‌കൂളിനെതിരേ തൃശൂര്‍ കേച്ചേരി സ്വദേശി നടത്തിയ പ്രചാരണത്തിലെ ഗൂഢലക്ഷ്യങ്ങളും പൊള്ളത്തരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തന്നെ തുറന്നുകാട്ടി. ഇതോടെ ക്ഷമാപണവും പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയുമായി രംഗത്തെത്തിയിരിക്കുകയാണു യുവാവ്.

പത്തു വര്‍ഷമായി സ്‌കൂളിലെ വിദ്യാര്‍ഥിനിയും ഓട്ടിസം രോഗിയുമായ പതിനാറു വയസുകാരിയെ ചിത്രീകരിച്ചുകൊണ്ടാണ് ഇയാള്‍ വീഡിയോ തയാറാക്കിയത്. കുട്ടിക്കു സ്‌കൂളില്‍ മര്‍ദനം ഏല്‍ക്കാറുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി അവളുടെ ശരീരത്തില്‍ ആകമാനം പരിക്കുകളാണെന്നും വീഡിയോയില്‍ പറയുന്നു. കഴിഞ്ഞദിവസമുണ്ടായ ക്രൂരമര്‍ദനം മൂലം കുട്ടിയുടെ ഒരു പല്ല് നഷ്ടപ്പെട്ടെന്നും വീഡിയോയില്‍ യുവാവ് ആരോപിച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഷ ജോസ്, മാധ്യമപ്രവര്‍ത്തകന്‍ വിനോദ് നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നന്മമരങ്ങളുടെ കള്ളത്തരങ്ങളറിയാന്‍' എന്ന തലക്കെട്ടോടെ വീഡിയോ പ്രചാരണത്തിലെ പൊള്ളത്തരങ്ങള്‍ ഫേസ്ബുക്കിലൂടെ തന്നെ വെളിച്ചത്തുകൊണ്ടുവന്നത്. വീഡിയോയില്‍ പരാമര്‍ശിക്കുന്ന പെണ്‍കുട്ടിക്കു ഗുരുതരമായ വൈകല്യങ്ങളുള്ളതാണെന്നു നിഷ ജോസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു.

സ്വയം ഉപദ്രവിക്കുകയും പരിക്കുകളേല്‍പ്പിക്കുകയും ചെയ്യുക, ഭിത്തിയിലും തറയിലുമൊക്കെ തല ഇടിക്കുക, കൈയ്യും വിരലുകളുമൊക്കെ കടിച്ചുമുറിക്കുക, തലമുടി വലിച്ച് പറിക്കുക, സ്വന്തം മുഖത്തും തലയിലും അടിക്കുക, തൊലി സ്വയം വലിച്ചു പൊളിക്കുക, സ്വയം മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്യുക, ശക്തമായി തലയിട്ടിളക്കുകയും കണ്ണുകള്‍ ചലിപ്പിക്കുകയും ചെയ്യുക എന്നീ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടിക്കുള്ള രോഗത്തിന്റെ ഭാഗമാണ്.

പെണ്‍കുട്ടി ഏറെക്കാലമായി സ്‌കൂളില്‍ പോകുന്നില്ല എന്ന കള്ളം അടിവരയിട്ടു പറഞ്ഞു കുട്ടിക്കായി ധനസഹായം അഭ്യര്‍ഥിച്ചു നേരത്തെ ഇതേ യുവാവ് മറ്റൊരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എതിര്‍പ്പുകളെത്തുടര്‍ന്ന് അതു നീക്കംചെയ്തു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ അപൂര്‍വം ചില ദിവസങ്ങളില്‍ മാത്രമാണു കുട്ടി സ്‌കൂളില്‍ ഹാജരാകാതിരുന്നിട്ടുള്ളത്. വീട്ടില്‍നിന്നു ദിവസവും വന്നുപോവുകയായിരുന്ന അവളെ സ്‌കൂള്‍ബസ് കിട്ടാതെപോയാല്‍ ഓട്ടോറിക്ഷ വിളിച്ചായാലും മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിച്ചിരുന്നു. യുവാവിന്റെ വീഡിയോ പുറത്തിറങ്ങിയതിനെത്തുടര്‍ന്നു സ്ഥാപനത്തിലെത്തിയ പൂച്ചാക്കല്‍ പോലീസും സ്ഥാപനത്തെക്കുറിച്ചു മികച്ച റിപ്പോര്‍ട്ടാണു കൈമാറിയിട്ടുള്ളത്.

സ്‌കൂളിനെ കരിവാരിത്തേക്കുന്നതിനൊപ്പം പെണ്‍കുട്ടിയുടെ ആരോഗ്യാവസ്ഥയെ ഉയര്‍ത്തിക്കാട്ടി ധനസന്പാദനം നടത്താനുള്ള ശ്രമങ്ങളും വീഡിയോയ്ക്കു പിന്നിലുണ്ടെന്നും നിഷ ജോസ് കുറിപ്പില്‍ വ്യക്തമാക്കുന്നു. സന്യാസിനികളുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കുമെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍ ആവശ്യപ്പെട്ടു. അസീസി സ്‌കൂളിനെതിരേ ഉയര്‍ന്ന തെറ്റായ പ്രചാരണത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച വൈദികരോടും വിശ്വാസികളോടും നന്ദി അറിയിക്കുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി 'ദീപിക'യോടു പറഞ്ഞു. സംഭവത്തില്‍ തുടര്‍നടപടികള്‍ സഭാധികാരികളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സിസ്റ്റര്‍ അറിയിച്ചു.


Related Articles »