News - 2025
ഭൂകമ്പത്തിനിരയായ അല്‍ബേനിയന്‍ ജനതക്ക് പാപ്പയുടെ കൈത്താങ്ങ്: 1,00,000 യൂറോയുടെ അടിയന്തിര ധനസഹായം
സ്വന്തം ലേഖകന്‍ 29-11-2019 - Friday
ഇക്കഴിഞ്ഞ ചൊവ്വാഴ്ച യൂറോപ്പിന്റെ തെക്ക്-കിഴക്ക് മെഡിറേനിയന്‍ തീരത്തുള്ള അല്‍ബേനിയയില്‍ ശക്തമായ ഭൂമികുലുക്കത്തിനിരയായവര്‍ക്ക് അടിയന്തിര ധനസഹായവുമായി ഫ്രാന്‍സിസ് പാപ്പ. 1,00,000 യൂറോയാണ് ആദ്യഘട്ട ധനസഹായമായി നല്‍കിയത്. വത്തിക്കാന്റെ ഇന്റെഗ്രല്‍ ഹ്യുമന്‍ ഡെവലപ്മെന്റിന്റെ ചുമതലയുള്ള ഡിക്കാസ്റ്റ്റി വഴിയായിരുന്നു പാപ്പയുടെ സഹായം. ഭൂകമ്പത്തിനിരയായ രൂപതകളിലെ ദുരിതാശ്വാസത്തിനും, സഹായത്തിനുമായിരിക്കും ഈ തുക ഉപയോഗിക്കുക. അല്‍ബേനിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് പാപ്പ അല്‍ബേനിയന്‍ പ്രസിഡന്റിന് ടെലഗ്രാം സന്ദേശവും അയച്ചിട്ടുണ്ട്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടന്ന ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനയില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പ അല്‍ബേനിയയിലെ ഭൂകമ്പത്തിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. “ഈ ദിവസങ്ങളില്‍ ഭൂകമ്പം കാരണം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന അല്‍ബേനിയന്‍ ജനതക്കൊപ്പം ഞാനുമുണ്ടെന്ന്‍ ഞാന്‍ അവരെ അറിയിക്കുന്നു. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്! മരിച്ചവര്‍ക്കും, പരിക്കേറ്റവര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ വളരെയധികം സ്നേഹിക്കുന്ന ഈ ജനത്തെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ”. അല്‍ബേനിയന്‍ ജനതയോടുള്ള തന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പാപ്പ പറഞ്ഞു. തന്റെ ആദ്യ യൂറോപ്പ് സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട രാജ്യം അല്‍ബേനിയയായിരുന്നെന്ന കാര്യവും പാപ്പ ഓര്‍മ്മിപ്പിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 25 ചൊവ്വാഴ്ച രാത്രിയിലാണ് റിക്ടർ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അല്‍ബേനിയയുടെ വടക്കന്‍ തീരത്തെ പിടിച്ചു കുലുക്കിയത്. തുറമുഖ നഗരമായ ഡ്യൂറസിലും, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തുമാനേയിലുമാണ് കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിരിക്കുന്നത്. ഇതുവരെ ഏതാണ്ട് 47 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റെഡ്ക്രോസ് സൊസൈറ്റി പറയുന്നത്. ഏതാണ്ട് അറുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് പേരാണ് ഭവനരഹിതരായിരിക്കുന്നത്. പല സ്ഥലങ്ങളിലും ഇപ്പോഴും ഭൂമികുലുക്കം തുടരുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ അല്‍ബേനിയ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.