Life In Christ - 2025

ബുർക്കിന ഫാസോയിൽ വീണ്ടും ആക്രമണം: 14 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 03-12-2019 - Tuesday

വാഗദൂഗു: ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായെത്തിയ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 14 മരണം. പ്രാദേശിക ഭരണാധികാരികൾ നൽകിയ റിപ്പോര്‍ട്ട് പ്രകാരം ആയുധധാരികളായ അക്രമികള്‍ ഞായറാഴ്ച ഉച്ചയോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രൊട്ടസ്റ്റൻറ് ദേവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പാസ്റ്ററും, ഏതാനും കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നിരവധി പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ക്രൈസ്തവരാണ് രാജ്യത്ത് ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി പേര്‍ സുവിശേഷപ്രഘോഷണത്തിന് നേതൃത്വം വഹിക്കുന്നവരാണെന്നത് ശ്രദ്ധേയമാണ്. ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ബുർക്കിന ഫാസോയുടെ പ്രസിഡന്റ് റോച്ച് കബോറിയും, പ്രാദേശിക മെത്രാന്മാരും രംഗത്തുവന്നിരുന്നു. രാജ്യത്ത് വിവിധ മതങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഐക്യം തകർക്കുക എന്ന ലക്ഷ്യമാണ് ജിഹാദി പ്രസ്ഥാനങ്ങള്‍ക്കു ഉള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു.


Related Articles »