Life In Christ

രക്തസാക്ഷികളുടെ ചുടുനിണം വീണ കന്ധമാലിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

സ്വന്തം ലേഖകന്‍ 04-12-2019 - Wednesday

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലിൽ പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ക്രൈസ്തവ നരഹത്യ അതിജീവിച്ചവരുടെ മക്കൾ യേശുവിന്റെ രാജത്വ തിരുനാൾ ദിനത്തിൽ പ്രഥമ ദിവ്യകാരുണ്യം നടത്തി. റെയ്കിയ ദേവാലയത്തിൽ നടന്ന ശുശ്രുഷയിൽ പ്രദേശത്തെ അയ്യായിരത്തിലധികം വിശ്വാസികൾ സന്നിഹിതരായിരുന്നു. രക്തസാക്ഷികളുടെ ചുടുനിണത്താൽ സഭ വളരുകയാണ് എന്നതിന്റെ തെളിവായാണ് ശുശ്രുഷകളിലെ വിശ്വാസികളുടെ സാന്നിധ്യത്തെ ഏവരും നിരീക്ഷിക്കുന്നത്. 2008-ൽ നടന്ന ക്രൈസ്തവ കൂട്ടകുരുതിയിൽ തന്റെ പിതാവ് അതിദാരുണമായി കൊല്ലപ്പെട്ടതായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കല്പന സ്മരിച്ചു.

താൻ ഈശോയെ സ്വീകരിക്കുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് അദ്ദേഹമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു. കട്ടക് -ഭുവനേശ്വർ അതിരൂപത ആർച്ച് ബിഷപ്പ് മോൺ. ജോൺ ബർവയോടൊപ്പം പത്തു വൈദികരും ദിവ്യബലിക്ക് കാർമ്മികത്വം വഹിച്ചു. പീഡനങ്ങളും ഭീഷണിയും അതിജീവിച്ച കാണ്ഡമാൽ ക്രൈസ്തവർ സമാധാനത്തിന്റെ രാജാവിനു സാക്ഷ്യം വഹിക്കുവാൻ ജീവൻ തന്നെ ത്യജിക്കുവാനും തയാറാണെന്നു കാണിച്ചു തന്നുവെന്ന് മോൺ. ജോൺ ബർവ അഭിപ്രായപ്പെട്ടു. രാജാക്കന്മാർ വന്ന് പോകും, എന്നാൽ നമ്മുടെ രാജാവ് ക്രിസ്തുരാജൻ ലോകത്തെ മുഴുവനും കീഴടക്കി. ആ രാജാവിനെ നമ്മുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും പകർത്തുകയും അവിടുത്തോടു വിശ്വസ്ത പുലർത്തുകയും വേണമെന്നും ബിഷപ്പ് പറഞ്ഞു.

ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫൻ ആലത്തറ കന്ധമാല്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആധുനിക ലോകത്തിലെ ഓരോ വിശ്വാസികൾക്കും കന്ധമാല്‍ വിശ്വാസികൾ പ്രചോദനമാണെന്നും ആഗോള സഭയ്ക്ക് അവർ നൽകിയ മാതൃക ഭാരതത്തിനു തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ഹൈന്ദവവാദികൾ നടത്തിയ അതിരൂക്ഷമായ ആക്രമണത്തിന് ഇരയായ ആരാധനാലയമാണ് റെയ്കിയ ദേവാലയം. നഗരത്തെ ചുറ്റി വൈകുന്നേരം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷണത്തിലും ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.


Related Articles »