News - 2024

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെൺകുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ട് വിവാഹം: പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 05-12-2019 - Thursday

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ പതിനാലു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കി. സിയാ കോളനിയിൽ ഹിമ യൂനിസ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കിയതായാണ് പരാതി. പെൺകുട്ടിയെ തിരികെ വീട്ടില്‍ എത്തിക്കുവാനുള്ള ശ്രമം അവളുടെ കുടുംബം തുടരുകയാണ്. പെൺകുട്ടി സ്വമേധയ മതപരിവർത്തനം ചെയ്തുവെന്ന് തെളിയിക്കാനായി തട്ടിക്കൊണ്ടുപോയ ആളുകൾ സമര്‍പ്പിച്ച രേഖകൾ വ്യാജമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

ഒക്ടോബർ പത്താം തീയതി മാതാപിതാക്കൾ പുറത്തു പോയ തക്കം നോക്കി മൂന്നുപേർ വീട്ടിൽ പ്രവേശിച്ച് ഹിമയെ തട്ടി കൊണ്ടുപോകുകയായിരുന്നു. സംഭവം കേസാക്കാൻ നിരവധി തവണ വിസമ്മതിച്ചതിനു ശേഷം രണ്ടു ദിവസങ്ങള്‍ക്കു ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയായ നജീന ആരോപിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹിമ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത രേഖയും, അബ്ദുൽ ജബ്ബാർ എന്ന ആളുമായി നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസവും ഒന്നായതിനാൽ തട്ടിക്കൊണ്ടുപോയവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് നജീന ഉറപ്പിച്ചുപറയുന്നു.

സിന്ധു പ്രവിശ്യയിലുള്ള നീതിന്യായ കോടതിയിൽ കുടുംബം അപ്പീൽ സമർപ്പിച്ചു കഴിഞ്ഞു. കോടതി കേസിൽ പ്രത്യേകം ഇടപെടണമെന്നാണ് നജീന ആവശ്യപ്പെടുന്നത്. നവംബർ 11നു ഹിമ കോടതിയിൽ ഹാജരാകേണ്ടിയിരുന്നതാണ്. എന്നാൽ അന്ന് പെൺകുട്ടി എത്തിയില്ല. അതിനാൽ തന്നെ കുടുംബം കടുത്ത ആശങ്കയിലാണ്. കറാച്ചി അതിരൂപതയുടെ വികാരി ജനറാളും, സമാധാനത്തിനും നീതിക്കുമായുള്ള ദേശീയ കമ്മീഷന്റെ അധ്യക്ഷനുമായ ഫാ. സാലേ ഡിയേഗോ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.

നിയമനടപടികളിൽ ഏർപ്പെട്ടിരിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിന് സർവ്വവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പെൺകുട്ടികളെ മതപരിവർത്തനത്തിനായി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഇരകളില്‍ ഭൂരിഭാഗം പേരും ക്രൈസ്തവരാണെന്നതാണ് യാഥാര്‍ത്ഥ്യം.


Related Articles »