India - 2024

സാമ്പത്തിക സംവരണം: മാർ പെരുന്തോട്ടം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

12-12-2019 - Thursday

ചങ്ങനാശേരി: സാമ്പത്തിക സംവരണത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പുനർനിർണ്ണയിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര മാനദണ്ഡങ്ങളെക്കാൾ കുറഞ്ഞ സാമ്പത്തിക പരിധികളാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നതെന്ന അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. സാമ്പത്തിക സംവരണം (ഇ ഡബ്ലിയു എസ്) കേരളത്തിലെ സംവരണേതര ക്രൈസ്തവർക്കും കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ക്രൈസ്തവർ കൂടുതലും കർഷകരാണ്. എന്നാൽ കാർഷികമേഖല തകർന്നടിഞ്ഞിരിക്കുകയാണ്. നിലങ്ങളും പുരയിടങ്ങളും സ്വന്തമായി ഉണ്ടെങ്കിലും പലരും കടക്കെണിയിലാണ്. ഭൂസ്വത്തിൽ നിന്ന് വരുമാനം തുശ്ചമായതിനാൽ ഭൂവിസ്തൃതിയും അതുപോലെ ഭവന വിസ്തൃതിയും സാമ്പത്തിക സംവരണം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും കുടുംബനാഥന്റെ വരുമാനം മാത്രം മാനദണ്ഡമാക്കണമെന്നും കെ എ എസ്, എൽ ഡി ക്ലാർക്ക് തുടങ്ങി നിലവിൽ പിഎസ് സി പ്രഖ്യാപിച്ചിരിക്കുന്ന വിജ്ഞാപനങ്ങളിൽ ഭേദഗതിവരുത്തി സാമ്പത്തികസംവരണം കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിവേദനത്തിൽ അഭ്യർത്ഥിച്ചു.

സാമ്പത്തിക സംവരണത്തിന് മാനദണ്ഡങ്ങൾ ഭേദഗതി വരുത്തി നിശ്ചയിക്കാൻ നിയമിച്ച കമ്മീഷനിൽ ക്രൈസ്തവർക്ക് പ്രാതിനിധ്യം നൽകാത്തതിലും ഈ കമ്മീഷന്റെ ഹിയറിംഗ് കളിൽ പങ്കെടുക്കുന്നതിന് ക്രൈസ്തവർക്ക് ആനുപാതിക അവസരങ്ങൾ നൽകാതിരുന്നതിലുമുള്ള പ്രതിഷേധവും ഇതോടൊപ്പം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ മാസം ഇരുപതാം തീയതി ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ രൂപതകളിലെ മെത്രാൻമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്രൈസ്തവ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതും ഭീമഹർജി സമർപ്പിക്കുന്നതുമാണ്.


Related Articles »