India - 2025
പാലാ രൂപത സംഘടിപ്പിക്കുന്ന കര്‍ഷക മഹാസംഗമം ഇന്ന്: ചങ്ങനാശേരി സംഗമം 16ന്
14-12-2019 - Saturday
പാലാ: 'അവഗണനകള്‍ക്കെതിരെ അവകാശങ്ങള്‍ക്കായി'' എന്ന മുദ്രാവാക്യവുമായി പാലാ രൂപത സംഘടിപ്പിക്കുന്ന കര്‍ഷക മഹാസംഗമം ഇന്നു പാലായില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാലായില്‍ എത്തിച്ചേരുന്ന ഒരു ലക്ഷം കര്‍ഷകര്‍ ടൗണിലെ അഞ്ചു കേന്ദ്രങ്ങളിലായി സംഗമിച്ചു കര്‍ഷകമതിലുകള്‍ തീര്‍ക്കും. കത്തീഡ്രല്‍ മൈതാനം, കൊട്ടാരമറ്റം ജംഗ്ഷന്‍, കിഴതടിയൂര്‍ ബൈപാസിലെ കിഴതടിയൂര്‍ പള്ളി ജംഗ്ഷന്‍, ളാലം പാലം ജംഗ്ഷന്‍, മാര്‍ക്കറ്റ് റോഡില്‍ സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് മതിലുകള്‍ തീര്‍ക്കുന്നത്. രൂപതയുടെ 170 ഇടവകകളില്‍നിന്നു വൈദികരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കര്‍ഷകര്‍ എത്തുന്നത്.
തുടര്‍ന്ന് കര്‍ഷകര്‍ അഞ്ചു കേന്ദ്രങ്ങളില്‍നിന്നു റാലിയായി പൊതുസമ്മേളന കേന്ദ്രമായ കുരിശുപള്ളി കവലയിലേക്കു നീങ്ങും. 3.30നു കുരിശുപള്ളി ജംഗ്ഷനില്‍ ലക്ഷം പേരുടെ കര്‍ഷക മഹാസംഗമം നടത്തും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കും. രൂപതയ്ക്കുള്ളിലെ നാനാജാതി മതസ്ഥരായ കര്‍ഷകര്‍ ഒപ്പിട്ട് ഇടവക, ഫൊറോനാതലത്തില്‍ സമാഹരിച്ച് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കേണ്ട ഭീമഹര്‍ജികള്‍ ഫൊറോന ഭാരവാഹികളില്‍നിന്നു ബിഷപ്പ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങും.
കര്‍ഷക അവഗണനയ്‌ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ 16ന് ഉച്ചയ്ക്ക് രണ്ടിനു കര്‍ഷകരക്ഷാ സംഗമവും കളക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ മഹാസംഗമം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ആലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് തയ്യില്‍, ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അതിരൂപത പിആര്‍ഒ അഡ്വ.ജോജി ചിറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.
