India - 2025
ഭരണകൂടത്തിന് മുന്നറിയിപ്പുമായി പാലായിലെ കര്‍ഷക റാലിയും മഹാസംഗമവും
15-12-2019 - Sunday
പാലാ: പാലാ രൂപതയുടെ നേതൃത്വത്തില്‍ 'അവഗണനകള്‍ക്കെതിരേ അവകാശങ്ങള്‍ക്കായി' എന്ന മുദ്രാവാക്യമുയര്‍ത്തി മീനച്ചിലാറിന്റെ തീരത്ത് ഇന്നലെ നടത്തിയ കര്‍ഷകമതിലും റാലിയും മഹാസംഗമവും കേരളം കണ്ട വന്‍ കര്‍ഷക മുന്നേറ്റങ്ങളിലൊന്നായി. ഉച്ചകഴിഞ്ഞു 2.30ന് പാലാ നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ സംഗമിച്ച കര്‍ഷകര്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ റാലിയായി പാലാ കുരിശുപള്ളി കവലയിലെത്തി മതില്‍ തീര്‍ത്തു. കിഴതടിയൂര്‍ ജംഗ്ഷനില്‍നിന്നും ഈരാറ്റുപേട്ട റോഡില്‍നിന്നും എത്തിയ കര്‍ഷകറാലിയില്‍ ളാലം പാലം ജംഗ്ഷില്‍നിന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് അണി ചേര്‍ന്നു. കൊട്ടാരമറ്റത്തുനിന്നും കത്തീഡ്രല്‍ മൈതാനിയില്‍നിന്നും ആരംഭിച്ച കര്‍ഷകറാലിയില്‍ മാര്‍ ജേക്കബ് മുരിക്കനും സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനില്‍നിന്നുമുള്ള റാലിയില്‍ മാര്‍ ജോസഫ് പള്ളിക്കാപറന്പിലും അണിചേര്‍ന്നു.
ഇന്നലെ ബിഷപ്പുമാരുടെയും വൈദികരുടെയും പിന്നില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു കുരിശുപള്ളി ജംഗ്ഷനിലെ സംഗമവേദിയിലെത്തിയപ്പോള്‍ കര്‍ഷകരുടെ മഹാമതിലായി മാറി. തുടര്‍ന്നു നടന്ന മഹാസമ്മേളനത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ഷകരെ ഇനിയും അവഗണിച്ചാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ വോട്ടുകൊണ്ടു മറുപടി പറയുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക റാലിയില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
