India - 2025

ക്രിസ്തുമസ് പകര്‍ന്നു തരുന്നത് എല്ലാവരേയും പരിഗണിക്കണമെന്ന സന്ദേശം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

19-12-2019 - Thursday

തിരുവനന്തപുരം: ക്രിസ്തുമസ് പകര്‍ന്നു തരുന്നത് ആരേയും അവഗണിക്കാതെ എല്ലാവരേയും പരിഗണിക്കണമെന്ന സന്ദേശമാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. സമൂഹത്തിലെ മറ്റുള്ളവര്‍ നമ്മളെക്കാള്‍ ശ്രേഷ്ഠരായിട്ടുള്ളവരാണെന്ന ചിന്തയാകണം നമ്മെ നയിക്കേണ്ടത്. എല്ലാവരും തന്നെക്കാള്‍ ഉയര്‍ന്നവരായിരിക്കുന്നു എന്നതാകണം ചെറുതാകല്‍ എന്നതിലൂടെ കരുതേണ്ടത്. ചെറുതാകല്‍ മനോഭാവം എത്രമാത്രം ആര്‍ജിച്ചെടുക്കുന്നുവോ അത്രമാത്രം യേശുവിന്റെ ശിഷ്യന്‍മാരായിരിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കും.

'ഇത്ര ചെറുതാകാന്‍ എത്ര വളരേണം' എന്ന ഗാനത്തിലെ ഈരടി ഏറെ ശ്രദ്ധേയമാണ്. അങ്ങേയറ്റം ചെറുതായിക്കൊണ്ട് ദൈവത്തോളം വളരാനുള്ള ഒരു ആഹ്വാനമാണ് ഈ ഈരടികള്‍ നല്കുന്നത്. യേശുവിന്റെ ശിഷ്യന്‍മാരായി ദൈവമക്കളായി രൂപാന്തരപ്പെടുന്നത് ഒരു സൗഭാഗ്യമാണ്.എല്ലാവരുടേയും മുന്നില്‍ ചെറുതാകുകയെന്നതാണ് യേശു പറഞ്ഞത്.ഓരോരുത്തരും മറ്റുള്ളവര്‍ തങ്ങളെക്കാള്‍ ശ്രേഷ്ഠരാണ് എന്നാണ് ഓര്‍ക്കേണ്ടത്. ക്രിസ്തുവിന്റെ ഈ ആഹ്വാനം അനുസരിച്ച് ജീവിച്ചാല്‍ ഭൂമിയില്‍ സമാധാനവും ദൈവത്തിനും മഹത്വവും ഉണ്ടാകും. സുകൃതജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.


Related Articles »