News - 2024
ക്രൈസ്തവ കൂട്ടക്കുരുതിയിൽ ദുഃഖം രേഖപ്പെടുത്തി നൈജീരിയൻ പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 29-12-2019 - Sunday
അബുജ: ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയിൽ ദുഃഖം രേഖപ്പെടുത്തി പ്രസിഡന്റ് മുഹമ്മദ് ബുഹാരി. മനുഷ്യത്വത്തിനെതിരെയുള്ള അന്ധകാരത്തിന്റെ വക്താക്കളാണ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു. കൂട്ടായ സുരക്ഷിത്വത്തിനായി രാജ്യത്തെ ഇസ്ലാം മതസ്ഥരും ക്രൈസ്തവരും ഏക മനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ്സ് ആഫ്രിക്കന്‍ പ്രോവിന്‍സ് ( ISWAP) ആണ് ക്രൈസ്തവ കൂട്ടക്കുരുതി നടത്തിയത്. തടവില്‍ പാര്‍പ്പിച്ചിരിന്ന 11 ബന്ദികളെ തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരിന്നു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് നേരത്തെ ബുഹാരിക്ക് സന്ദേശമയച്ചിരിന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തോടും പൌരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ബുഹാരിയുമായി ചർച്ച നടത്തിയിരുന്നു.