News - 2024
പുതുവത്സരത്തില്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കാം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 03-01-2020 - Friday
നന്ദിയുടെയും സ്തുതിപ്പിന്‍റെയും മനോഭാവത്തോടെ പുതുവര്‍ഷം തുടങ്ങാമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് പാപ്പയുടെ 2020-ലെ ആദ്യ സന്ദേശം. 2019-ല്‍ ദൈവം തന്ന നന്മകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഒരു പുതുവര്‍ഷത്തിലേയ്ക്ക് 2020-ലേയ്ക്കു കടന്നുകഴിഞ്ഞു. നമ്മുടെ ഭൂമി സൂര്യനുചുറ്റും വീണ്ടും ഒരു പ്രദക്ഷിണം ആരംഭിച്ചുവെന്നു പുതുവത്സരത്തില്‍ നാം ചിന്തിക്കണമെന്നില്ല. കാരണം അത് നമുക്ക് ഇനിയും ഒരു വലിയ അത്ഭുതമാണ്. ഈ അത്ഭുതത്തില്‍ നാം ആശ്ചര്യപ്പെടുകയും ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്യേണ്ടതാണെന്ന്‍ പാപ്പ പറഞ്ഞു.
വര്‍ഷാരംഭ ദിനത്തില്‍ സഭ ദൈവമാതൃത്വത്തിരുനാള്‍ ആഘോഷിക്കുകയാണ്. ലോക രക്ഷകനായ യേശുവെ ലോകത്തിനു നല്കിയ നസ്രത്തിലെ കന്യകയെ നാം പ്രത്യേകം അനുസ്മരിക്കുന്നു. ഇന്നും ലോകത്തെ എല്ലാ സത്രീപുരുഷന്മാര്‍ക്കും ഒരു ശിശു ദൈവത്തിന്‍റെ ദാനമാണ്. മനുഷ്യാവതാരത്തിലൂടെ ക്രിസ്തു തിന്മയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയാണുണ്ടായത്. തിരുപ്പിറവി രംഗത്തെ നാം വിശ്വാസത്തിന്‍റെ കണ്ണുകളോടെയാണ് ധ്യാനിക്കേണ്ടത്. പുല്‍ക്കൂട്ടില്‍ കിടക്കുന്ന ദിവ്യശിശുവായ ക്രിസ്തുവിനാല്‍ പാപത്തിന്‍റെ പിടിയില്‍നിന്നും മോചിതവും നവീകൃതവുമായ ലോകത്തെയാണ് നാം വിശ്വാസത്തിന്‍റെ ദൃഷ്ടിയില്‍ കാണേണ്ടത്.
ദൈവമാതാവാണ് നമ്മെ ഈ രക്ഷണീയ പദ്ധതിയില്‍ അനുഗ്രഹിക്കുന്നതും തന്‍റെ തിരുക്കുമാരനായ യേശുവിലേയ്ക്ക് നയിക്കുന്നതും. തന്‍ റെ കൈയ്യിലുള്ള മകനെ അവിടുന്നു നമുക്കായി നല്കുകയും ചൂണ്ടിക്കാണിച്ചു തരുകയുംചെയ്യുന്നു. ഈ അമ്മ സഭയെയും ലോകത്തെ മുഴുവനെയും അനുഗ്രഹിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പിറവിയില്‍ മാലാഖമാര്‍ പാടിയപോലെ, സകല ജനതകള്‍ക്കും ആനന്ദം പകരുന്നവനാണ് ബെതലഹേമില്‍ കന്യകയില്‍നിന്നും ജാതനായിരിക്കുന്നത്. ലോകത്തിന് സമാധാനം പകരുന്ന ദൈവിക മഹത്വമാണ് അവിടുന്ന് (ലൂക്കാ 2, 14). ഇക്കാരണം ഉള്‍ക്കൊണ്ടുതന്നെയാണ് പോള്‍ ആറാമന്‍ പാപ്പാ വര്‍ഷത്തിന്‍റെ ആദ്യദിനം സഭയില്‍ ലോകസമാധാനത്തിനായി സമര്‍പ്പിക്കണമെന്നും, ആഗോള സമാധാനദിനമായി ആചരിക്കണമെന്നും ആഗ്രഹിച്ചത്.
ആഗോള സമാധാനദിനം സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിനം മാത്രമല്ല, ലോകത്തിന്‍റെ സമാധാനാവസ്ഥയില്‍ ഓരോ മനുഷ്യര്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്ന ദിനം കൂടിയാണിത്. സമാധാനം പ്രത്യാശയുടെ പാതയാണ്. അതിനാല്‍ അത് “സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെയും പാതയില്‍ മുന്നേറേണ്ടതാണെന്ന് ഈ വര്‍ഷത്തെ ലോക സമാധാനദിനം നമ്മെ അനുസ്മരിപ്പിക്കുന്നു.
ദൈവമാതാവായ മറിയം കാട്ടിത്തരുന്ന പുത്രനും ലോകരക്ഷകനുമായ ക്രിസ്തുവിലേയ്ക്കു നമ്മുടെ ദൃഷ്ടികള്‍ തിരിക്കാം. ഈ പുതുവത്സരപ്പുലരിയില്‍ തന്‍റെ തിരുക്കുമാരനായ ദിവ്യഉണ്ണിയെ കൈയ്യിലേന്തി നില്ക്കുന്ന കന്യകാനാഥയോടും, അവിടുത്തെ തിരുസുതനോടും നമ്മെ അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ധാര്‍മ്മികവും ഭൗതികവുമായ അടിമത്വത്തിന്‍റെ നുകത്തിന്‍ കീഴില്‍ ഉഴലുന്നവര്‍ക്ക് യേശുവാണ് അനുഗ്രഹ ദാതാവും വിമോചകനും. തിന്മയുടെ ശക്തികള്‍ക്ക് അടിമപ്പെട്ട് ജീവിതാന്തസ്സു നഷ്ടപ്പെട്ട് ആത്മീയ ബന്ധനത്തില്‍ കഴിയുന്നവരോട് ക്രിസ്തു പറയുന്നത്, പിതാവ് അവരെ സ്നേഹിക്കുന്നുവെന്നും, അവരെ ഉപേക്ഷിക്കുകയില്ലെന്നും, അവരുടെ തിരിച്ചുവരവിനായി ആ സ്നേഹമുള്ള പിതാവ് ക്ഷമയോടെ കാത്തിരിക്കുന്നുവെന്നുമാണ്. അനീതിക്കും ചുഷണത്തിനും കീഴ്പ്പെട്ട് രക്ഷയില്ലാതെ കഴിയുന്നവര്‍ക്കായി തുറന്ന കരങ്ങളും ഹൃദയവും സ്നേഹമുള്ള മുഖവുമായി അവിടുന്നു കാത്തിരിക്കുന്നു.
നമ്മുടെ അഹങ്കാരത്തിന്‍റെ മേല്പടിയില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും താഴെ ഇറങ്ങി, യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കാന്‍ വരം തരണമേയെന്ന് എളിമയുടെ വിളനിലമായ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം! തന്‍റെ ദിവ്യപുത്രനെ നമുക്കായി നല്കണമേയെന്നും, ഹൃദയങ്ങള്‍ അവിടുത്തെ നന്മയ്ക്കായി തുറക്കുവാനുള്ള വരം തരണമേയെന്നും പ്രാര്‍ത്ഥിക്കാം. അങ്ങനെ വാക്കാല്‍ മാത്രമല്ല, സംവാദത്തിന്‍റെയും, അനുരഞ്ജനത്തിന്‍റെയും സൃഷ്ടിയോടുള്ള പരിരക്ഷണത്തിന്‍റെയും യഥാര്‍ത്ഥമായ രീതികളില്‍ ഈ വര്‍ഷം പ്രത്യാശയുടെയും സമാധാനത്തിന്‍റെയും വഴിയില്‍ ജീവിക്കാന്‍ സഹായിക്കണമേയെന്ന് ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന സന്ദേശം ഉപസംഹരിച്ചത്.