News - 2024

ജീവ സ്വരമുയര്‍ത്താന്‍ അമേരിക്ക: മാർച്ച് ഫോർ ലൈഫ് ജനുവരി 24ന്

സ്വന്തം ലേഖകന്‍ 04-01-2020 - Saturday

വാഷിംഗ്ടൺ ഡി‌സി: ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് മാര്‍ച്ച് എന്ന വിശേഷണമുള്ള മാർച്ച് ഫോർ ലൈഫ് റാലി ജനുവരി 24ന് വാഷിംഗ്ടണില്‍ നടക്കും. വാഷിംഗ്ടൺ സ്മാരകത്തിനു സമീപം രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന റാലിക്കു മാറ്റ് കൂട്ടാന്‍ ‘വി ആർ മെസഞ്ചേഴ്സ്’ എന്ന അയര്‍ലണ്ടില്‍ നിന്നുള്ള ബാന്‍ഡും ഇത്തവണ എത്തുന്നുണ്ട്. “ലൈഫ് എംപവർസ്: പ്രോ-ലൈഫ് ഈസ് പ്രോ വുമൺ” എന്നതാണ് ഈ വർഷത്തെ റാലിയുടെ പ്രമേയം. ജീവനെ മുറുകെപ്പിടിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുക എന്നത് മുഖ്യദൗത്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ ഇത്തവണയും ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടൻ ഡി.സി. യിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തിരിന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവുമധികം പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന പ്രസിഡന്റ് എന്ന രീതിയിലാണ് ട്രംപിനെ പരിഗണിച്ചു വരുന്നത്. വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സും ഭ്രൂണഹത്യയ്ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തി ലോക ശ്രദ്ധയാകര്‍ഷിച്ച നേതാവാണ്.


Related Articles »