News - 2024

സ്വവർഗ്ഗ വിവാഹത്തിന് പിന്തുണ: മെത്തഡിസ്റ്റ് സഭ പിളർപ്പിലേക്ക്

സ്വന്തം ലേഖകന്‍ 06-01-2020 - Monday

ടെക്‌സാസ്: സ്വവർഗ്ഗ വിവാഹം, സ്വവർഗാനുരാഗികൾക്ക് പൗരോഹിത്യം എന്നിവയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളെ തുടര്‍ന്നു അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സമൂഹമായ യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ പിളർപ്പിലേക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ സെന്റ് ലൂയീസിൽ നടന്ന സഭയുടെ പ്രത്യേക പൊതു സമ്മേളനത്തില്‍ ഇതുസംബന്ധിച്ചു നടന്ന വോട്ടെടുപ്പിന്റെ ഫലം ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. സഭാ കൗൺസിലിൽ 438 പേർ വോട്ട് ചെയ്തപ്പോൾ 384 പേർ തീർത്തും എതിർത്തുനിന്നു.

ഓരോ രാജ്യത്തെയും പ്രാദേശിക സുവിശേഷ പ്രഘോഷകര്‍ക്കും കൗൺസിലിനും ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴി തെളിയിക്കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് വിഭജനത്തിലേക്ക് നയിച്ചത്. സഭയുടെ വിഭജനത്തെക്കുറിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ജനുവരി മൂന്നിനാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രസ്ബിറ്റേറിയൻ സഭകളും എപ്പിസ്‌ക്കോപ്പൽ സഭകളും ഇതിനകം തന്നെ സ്വവർഗ്ഗ വിവാഹവും സ്വവർഗാനുരാഗികളുടെ പൗരോഹിത്യവും അനുവദിച്ചിരിന്നു.

മെത്തഡിസ്റ്റ് പുരോഹിതരുടെ ഇടയിൽ എൽ.ജി.ബി.ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അതേസമയം ഇത് സഭയുടെ പൊതുപഠനത്തിന് എതിരാണെന്നാണ് പരമ്പരാഗത പക്ഷക്കാരുടെ നിലപാട്. റവ. കീത്ത് ബേയ്റ്റിന്റെ നേതൃത്വത്തിലുള്ള 16 അംഗ കമ്മിറ്റി വിഭജനത്തിന്റെ തുടർനടപടികൾക്കായി വിശദമായ പഠനങ്ങൾ നടത്തുകയാണിപ്പോൾ. വരുന്ന മെയ് മാസത്തില്‍ വിഭജന നടപടികൾ പൂർത്തിയായേക്കും.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

1968ൽ രൂപംകൊണ്ട മെത്തഡിസ്റ്റ് സഭ ലോകവ്യാപകമായി ഒരു കോടി 30 ലക്ഷം വിശ്വാസികളുള്ള സമൂഹമാണ്. ഇതിൽ 70 ലക്ഷം പേർ അമേരിക്കയിലാണ്. സതേൺ ബാപ്റ്റിസ്റ്റ് സമൂഹം കഴിഞ്ഞാൽ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സമൂഹമാണിത്. അതേസമയം സ്വവര്‍ഗ്ഗ വിവാഹത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മിക്ക പ്രൊട്ടസ്റ്റന്‍റ് സഭകളിലും സജീവമാണ്. ധാർമിക വിഷയങ്ങളിൽ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ അനേകം പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പുകളെ വിഭജനത്തിലേക്ക് നയിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

യുണൈറ്റഡ് മെത്തഡിസ്റ്റ് സഭയുടെ പരമ്പരാഗത വിഭാഗത്തിന് കത്തോലിക്കാ പഠനങ്ങളോടുള്ള താൽപര്യം പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. വിശ്വാസപരവും ധാര്‍മ്മികപരവുമായ വിഷയങ്ങളില്‍ ഉണ്ടായ വിയോജിപ്പിനെ തുടര്‍ന്നു ആംഗ്ലിക്കൻ സഭയിലെ മുൻ മെത്രാനും എലിസബത്ത് രാജ്ഞിയുടെ ചാപ്ലൈനുമായ ബിഷപ്പ് ഗാവിൻ ആഷെൻഡൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് അടുത്തിടെയാണ്.


Related Articles »