News - 2024

മാരകമായ രോഗാവസ്ഥയാണെങ്കിലും ദയാവധത്തെ അംഗീകരിക്കില്ല: ശക്തമായ നിലപാടുമായി പാപ്പ

സ്വന്തം ലേഖകന്‍ 06-01-2020 - Monday

റോം: എത്ര മാരകമായ രോഗാവസ്ഥയിലാണെങ്കില്‍ പോലും ദയാവധത്തെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് പാപ്പ. മാരകമായ രോഗാവസ്ഥയില്‍ ദയാവധവുമായോ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയുമായോ യാതൊരുവിധ സന്ധിയും പാടില്ലെന്ന് ആരോഗ്യപരിപാലന രംഗത്ത് ജോലിചെയ്യുന്നവരെ പാപ്പ ഓര്‍മ്മിപ്പിച്ചു. ഇരുപത്തിയെട്ടാമത് ലോക രോഗീ ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലൂടെയാണ് പാപ്പ ദയാവധത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരാളെ സുഖപ്പെടുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍, ആശ്വാസം പകരുന്ന നല്ല വാക്കുകളിലൂടെയും, പെരുമാറ്റത്തിലൂടെയും അത് സാധ്യമാണെന്ന്‍ പാപ്പ പറഞ്ഞു.

ജീവിതം പവിത്രവും ദൈവത്തിന് അവകാശപ്പെട്ടതുമാണ്. അതിനാല്‍ തന്നെ ഇത് അലംഘനീയവും, ജീവനെ ഇല്ലാതാക്കുവാനുള്ള അവകാശമുണ്ടെന്ന് ആര്‍ക്കും അവകാശപ്പെടാനാവാത്തതുമാണ്. തങ്ങളുടെ തൊഴിലിന്റെ ആത്യന്തികമായ അര്‍ത്ഥം വെളിപ്പെടുത്തുന്ന ശ്രേഷ്ഠമായ തലങ്ങളിലേക്ക് തുറവിയുള്ളവരായിരിക്കുവാന്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് പാപ്പ അഭ്യര്‍ത്ഥിച്ചു. ദയാവധത്തിനെതിരെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ നിലപാടിനെ പിന്തുണച്ചുകൊണ്ട് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍സോ പാഗ്ലിയ രംഗത്തെത്തിയിട്ടുണ്ട്. ദയാവധത്തിനുള്ള പ്രലോഭനത്തില്‍ നിന്നും ഓടിമാറണമെന്ന് അദ്ദേഹം മെഡിക്കല്‍ പ്രൊഫഷണലുകളോട് അഭ്യര്‍ത്ഥിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ദയാവധത്തെ എതിര്‍ക്കുകയും പാലിയേറ്റീവ് കെയര്‍ ശുശ്രൂഷകളെ പിന്തുണക്കുകയും ചെയ്തുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ മതങ്ങളില്‍പ്പെട്ട മുപ്പതോളം നേതാക്കള്‍ ഒപ്പിട്ട സംയുക്ത പ്രഖ്യാപനം പാപ്പക്ക് കൈമാറിയത് വാര്‍ത്തയായിരുന്നു. ഇസ്രായേല്‍ സ്വദേശി റബ്ബി അവറാഹം സ്‌റ്റെയിന്‍ ബെര്‍ഗിന്റെ മനസ്സില്‍ ഉദിച്ച ആശയം അദ്ദേഹം ഫ്രാന്‍സിസ് പാപ്പയുടെ പരിഗണനക്കായി വിടുകയും പാപ്പ ഈ പദ്ധതി പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിനെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സംയുക്ത പ്രഖ്യാപനം യാഥാര്‍ത്ഥ്യമായത്.


Related Articles »